Gujarat Assembly Election 2022: 'ആപ്പ്' ചതിച്ചാശാനേ... കോണ്‍ഗ്രസിന് പറയാന്‍ വീണ്ടുമൊരു കാരണം! സത്യമില്ലെന്ന് പറയാനാകുമോ

Gujarat Assembly Election Results 2022: 2017 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ 15 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. 13 ശതമാനത്തോളം വോട്ടുകളാണ് ആം ആദ്മി പാർട്ടി ഇത്തവണ നേടിയത്

Written by - Binu Phalgunan A | Last Updated : Dec 8, 2022, 11:49 AM IST
  • ആം ആദ്മി പാർട്ടി ഗുജറാത്തിൽ ആദ്യമായി അക്കൌണ്ട് തുറന്നു
  • എഎപി പിടിച്ചെടുത്തത് കോൺഗ്രസ് വോട്ടുകളാണെന്ന വിലയിരുത്തലുണ്ട്
  • കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ വലിയ ഇടിവാണ് ഉണ്ടായത്
Gujarat Assembly Election 2022: 'ആപ്പ്' ചതിച്ചാശാനേ... കോണ്‍ഗ്രസിന് പറയാന്‍ വീണ്ടുമൊരു കാരണം! സത്യമില്ലെന്ന് പറയാനാകുമോ

അഹമ്മദാബാദ്: ആദ്യം ദില്ലിയിലും പിന്നീട് പഞ്ചാബിലും അട്ടിമറി വിജയങ്ങള്‍ നേടി ഞെട്ടിച്ചവരാണ് ആം ആദ്മി പാര്‍ട്ടി. ഇത്തവണ അവര്‍ ലക്ഷ്യം വച്ചത് ഗുജറാത്ത് ആയിരുന്നു. ഗുജറാത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ കോണ്‍ഗ്രസിന് നല്‍കിയ/ നല്‍കിക്കൊണ്ടിരിക്കുന്ന പ്രഹരം വളരെ വലുതാണ്. 'കോണ്‍ഗ്രസിന്' എന്ന് തന്നെയാണ് ഉദ്ദേശിച്ചത്, ബിജെപിയ്ക്ക് എന്നല്ല.

ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രതീക്ഷകളായിരുന്നു വച്ചുപുലര്‍ത്തിയിരുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ അവര്‍ക്ക് തിരിച്ചുവരവിനുള്ള അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍, വീണ്ടും വീണ്ടും കോണ്‍ഗ്രസ് തളരുന്ന കാഴ്ചയാണ് ഗുജറാത്തില്‍ പ്രകടമാകുന്നത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 61 സീറ്റ് നേടിയ കോണ്‍ഗ്രസ് 2017 ല്‍ അത് 77 സീറ്റ് ആയി ഉയര്‍ത്തിയിരുന്നു. 

ഏറ്റവും ഒടുവിലെ തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്, ഇത്തവണ കോണ്‍ഗ്രസ് 20 ന് അപ്പുറം സീറ്റുകള്‍ കടക്കില്ല എന്നാണ്. 2017 ല്‍ 41 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്, ഇപ്പോളിതുവരെ വെറും 26 നും 27 നും ഇടയിൽ ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. കോണ്‍ഗ്രസ് ഇത്രയധികം തിരിച്ചടി നേരിടാനുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഹാര്‍ദിക് പട്ടേലിന്റേയും അല്‍പേഷ് താക്കൂറിന്റേയും ബിജെപി പ്രവേശനം ഒരു പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അതിലും കോണ്‍ഗ്രസിനെ ബാധിച്ചത് മറ്റൊന്നാണെന്ന് പറയേണ്ടി വരും.

ആം ആദ്മി പാര്‍ട്ടിയുടെ രംഗ പ്രവേശനം തന്നെ ആണ് അത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം ആം ആദ്മി പാര്‍ട്ടി 7 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. 13 ശതമാനത്തോളം വോട്ട് വിഹിതവും ആം ആദ്മി പാര്‍ട്ടിയ്ക്കുണ്ട്. അര ശതമാനത്തില്‍ താഴെ വോട്ട് വിഹിതമേ ഉള്ളു എങ്കിലും ഒവൈസിയുടെ എഐഎംഐഎമ്മും വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായിട്ടുണ്ട്.

ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ 49 ശതമാനം വോട്ട് വിഹിതവും 99 സീറ്റുകളും ആയിരുന്നു ബിജെപി നേടിയത്. ഇത്തവണ അത് 53 ശതമാനത്തിലധികമായി. സീറ്റുകളുടെ എണ്ണം 150 ന് മുകളിലെത്തുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വോട്ട് വിഹിതത്തില്‍ വെറും 4 ശതമാനം മാത്രം കൂടിയപ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ അമ്പത് എണ്ണത്തിന്റെ വര്‍ദ്ധന! ഇതൊരു ചെറിയ കാര്യമല്ല.

പ്രതിപക്ഷ വോട്ടുകള്‍ വിഘടിച്ചുപോയതാണ് ഇത്തവണ ഗുജറാത്തില്‍ ബിജെപിയ്ക്ക് ഏറ്റവും ഗുണം ചെയ്തത്. കഴിഞ്ഞ തവണ 0.1 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി ഇത്തവണ അത് 13 ശതമാനത്തോളമാക്കി ഉയര്‍ത്തി എന്നത് ഈ വോട്ട് വിഘടനത്തിന്റെ തെളിവായി കൂടി വിലയിരുത്തണം. ബിജെപിയ്‌ക്കെതിരെ നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ച് നിന്ന് മത്സരിക്കുമ്പോള്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുന്നത് ബിജെപി തന്നെയാണ് എന്നതാണ് വൈരുദ്ധ്യം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഗുജറാത്തില്‍ ഇത്തരമൊരു ദയനീയ പരാജയം നേരിടേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി, നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ എഐസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതും ഏറെ നിര്‍ണായകമാണ്. മല്ലികാർജുൻ ഗാർഗെ ഔദ്യോഗികമായി നയിക്കുന്ന കോൺഗ്രസ്, ഈ തിരിച്ചടിയിൽ നിന്ന് എങ്ങനെ കരകയറും എന്നതും ചർച്ചയാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News