രാജ്യത്ത് നിർബന്ധിത കൊവിഡ് വാക്സിനേഷൻ പാടില്ലെന്ന നിർദേശവുമായി സുപ്രീംകോടതി. ഒരു വ്യക്തിയെ പോലും നിർബന്ധിച്ച് വാക്സിനേഷന് വിധേയമാക്കാൻ പാടില്ല. വാക്‌സിനേഷന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. അതിനിടെ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്കെതിരായി നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്കാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ നയത്തെക്കുറിച്ചുള്ള സുപ്രധാന തീരുമാനമാണ് സുപ്രീം കോടതി അറിയിച്ചത്.
വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടിയെയും സുപ്രീകോടതി വിമർശിച്ചു. സർക്കാരുകളുടേത് ഏകപക്ഷീയ നിലപാടെന്നായിരുന്നു വിമർശനം. ഇനിമുതൽ ഇത്തരം നിയന്ത്രണങ്ങൾ പാടില്ലെന്നും, എല്ലാ ഉത്തരവുകളും പിൻവലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീം കോടതി ജസ്റ്റിസുമാരായ എൽഎൻ റാവു, ബിആർ ഗവായ് എന്നിവരുടേതാണ് നിർദ്ദേശങ്ങൾ. വാക്‌സിനുകളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കു കൂടി ലഭ്യമാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. വാക്സീൻ ട്രയൽ വിവരങ്ങൾ ഉൾപ്പെടെ പുറത്ത് വിടണമെന്നും ആവശ്യമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...