ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ഒരു ദിവസം അച്ചടി മാധ്യമങ്ങളില്‍ പരസ്യത്തിനായി ചെലവിടുന്നത് 16 ലക്ഷം രൂപ . കഴിഞ്ഞ മൂന്ന് മാസം മാത്രം 14.45 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ഉപയോഗിച്ചത് . വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് കണക്കുകള്‍ പുറത്ത് വന്നത്.
ഡല്‍ഹിക്ക് പുറമേ കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ആം ആദ്മി സര്‍ക്കാര്‍ പരസ്യം നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു . ഈ വര്‍ഷം ഫെബ്രുവരി 10 മുതല്‍ മെയ് 11 വരെയുള്ള 91 ദിവസ കാലത്താണ് 14.56 കോടി രൂപ ചെലവിട്ടതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്.
ഗവണ്മെന്റിന്റെ നയപരിപാടികളെ കുറിച്ചുള്ള അറിവ് നല്കാന് പരസ്യത്തിലുടെ കഴിയുമെന്നാണ് ആം ആദ്മി നേതാക്കള്‍ പറയുന്നത്. .ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി തങ്ങളുടെ സര്‍ക്കാര്‍ ജനുവരിയിലും ഏപ്രിലിലും 15 ദിവസം നടപ്പാക്കിയ odd-even പദ്ധതിയുടെ വിജയത്തിനായി 5 കോടി പരസ്യത്തിനായി ചിലവാക്കിയെന്ന് ആപ് സമ്മതിച്ചിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും പെന്ഷന് നല്‍കാനും പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് പരസ്യത്തിനായി വന്‍ തുക ചെലവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് കുറ്റപ്പെടുത്തി .
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഡ്വക്കേറ്റ് അമന് പന്‍വാറാണ് വിവരാവകാശ അപേക്ഷ നല്കി രേഖകള്‍ പുറത്ത് കൊണ്ട് വന്നത്.മുന്‍പ് ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ പ്രചാരണത്തിനായി 23 കോടി ചിലവിട്ടത് വന്‍ വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.