പള്ളിയറ ശ്രീധരൻ ; ജീവിതം ഗണിത പുസ്തകമെഴുത്തിനായി മാറ്റിവച്ച വ്യക്തി

ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണു പളളിയറ ശ്രീധരൻ

Written by - Akshaya PM | Last Updated : Apr 27, 2022, 04:21 PM IST
  • മലയാളത്തിൽ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്‌
  • 1978ലാണ് ആദ്യപുസ്തകമായ പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചത്
  • 150ൽ അധികം പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പള്ളിയറ ശ്രീധരൻ ; ജീവിതം ഗണിത പുസ്തകമെഴുത്തിനായി മാറ്റിവച്ച വ്യക്തി

ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണു പളളിയറ ശ്രീധരൻ.

എല്ലാവർക്കും പേടിയുളള ഒരു വിഷയമാണ് ഗണിതം. എന്നാൽ ശ്രീധരനു ചെറുപ്പത്തിലെ കണക്കിനോട് വളരെ ഇഷ്ടമായിരുന്നു.  അന്ന് മുതലെ കണക്കിലെ എല്ലാ വഴികളും പഠിച്ചു കണക്കിനെ സ്വന്തം വരുതിയിലാക്കിയ വ്യക്തി കൂടിയാണ് ശ്രീധരൻ. ചെറുകഥകളെഴുതിയാണു തുടക്കം. അമ്പതോളം കഥകൾ പ്രസിദ്ധീകരിച്ചു. 1978ലാണ് ആദ്യപുസ്തകമായ പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചത്.  150ൽ അധികം പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നൂറിലധികവും ഗണിതവുമായി ബന്ധപ്പെട്ടവയാണ്. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻറ് ട്രെയിനിങ് -NCERT-ക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

ഏതാനും കണക്ക്‌ പുസ്തകങ്ങൾ രചിക്കുകയല്ല ,മറിച്ച്‌ വളരെ വിരസമായി അനുഭവപ്പെടുന്ന അതേ സമയം ഏററവും പ്രധാനപ്പെട്ടതുമായ ഗണിതശാസ്ത്രത്തെ പൊതുജനങ്ങൾക്കും , കുട്ടികൾക്കും രസകരമായ ഒരു വിഷയമാക്കി മാററാൻ അദ്ദേഹത്തിന്റെ രചനകൾ സഹായിക്കുന്നു. ഒരു സാഹിത്യശാഖ എന്ന നിലയിൽ റഫറൻസ്‌ ഗ്രന്ഥങ്ങൾ, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ ഇനം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്‌.

കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ 1950 ജനുവരി 17 നാണ് ശ്രീധരൻ ജനിച്ചത്. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിലേക്ക് മാറി. CCRT ഓറിയന്റേഷന്‍ കോഴ്‌സ് CCRT റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയിനിങ് കോഴ്‌സ് എന്നിവയടക്കം നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസവകുപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിര്‍മാണമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. ശ്രീധരൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. ഇപ്പോൾ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു.

 ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം, 2004, ഭാരത് എക്സലൻസ് അവാർഡ്,2005ൽ ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാൻ ജന്മശതാബ്ധി പുരസ്കാരം, 2004. കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌൺസിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിതശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തിനു്, 2006. തുടങ്ങി 1992ൽ സംസ്ഥാന അദ്ധ്യാപക അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News