ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 'തരൂര്‍ പോരില്‍' തുടങ്ങിയ 'അടിതട'

Congress Crisis in Kerala: രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, വിഡി സതീശൻ, കെ സുധാകരൻ തുടങ്ങി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ അവകാശവാദം ഉന്നയിക്കാൻ പറ്റിയ നേതാക്കൾ ഒരുപാടുണ്ട് കേരളത്തിൽ.

Written by - Binu Phalgunan A | Last Updated : Jan 10, 2023, 05:48 PM IST
  • 2026 ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഇപ്പോഴേ ചർച്ചകൾ വേണോ എന്നതാണ് ഒരു വിഭാഗത്തിന്റെ സംശയം
  • ശശി തരൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നു എന്ന് പറഞ്ഞതോടെയാണ് ചർച്ചകൾ കൊഴുത്തത്
  • ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തുകയും ചെയ്തു
ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 'തരൂര്‍ പോരില്‍' തുടങ്ങിയ 'അടിതട'

തിരുവനന്തപുരം: അടിമുടി ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളും പരസ്യ പ്രതികരണങ്ങളും ഒന്നും ഒരു പുത്തരിയല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ച പോലും അതിനൊപ്പം സംഭവിച്ചുപോന്നതാണ്. എകെ ആന്റണിയും കെ കരുണാകരനും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട ഗ്രൂപ്പ് പോര് പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതിനൊപ്പം തന്നെ അവസരങ്ങളും സൃഷ്ടിച്ചിരുന്നു. 

ഇപ്പോള്‍ ആ കാലമെല്ലാം പോയി. പക്ഷേ, തര്‍ക്കങ്ങളും പരസ്യ പ്രതികരണങ്ങളും ആക്ഷേപങ്ങളും എല്ലാം പഴയതുപോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ ശക്തമായോ തുടരുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വര്‍ഷങ്ങളുണ്ടെങ്കിലും ആരാകും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ കൊഴുക്കുന്നത്.

Read Also: 'ശശി തരൂർ ഡൽഹി നായരല്ല, കേരളത്തിന്റെ വിശ്വപൗരൻ'; തരൂരിനെ ക്ഷണിച്ചത് തെറ്റ് തിരുത്താനെന്നും ജി സുകുമാരൻ നായർ

ഉമ്മന്‍ ചാണ്ടി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അതുകൊണ്ട്, അദ്ദേഹം ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനുണ്ടാവില്ല എന്ന് ഉറപ്പ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പ്രായം കൊണ്ടും അനുഭവപരിചയം കൊണ്ടും ഇനിയും ഏറെ അങ്കങ്ങള്‍ക്ക് ബാല്യമുണ്ട്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ നറുക്ക് അദ്ദേഹത്തിന് വീഴാനുള്ള സാധ്യത വളരെ കുറവാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ നിര്‍ണായക പദവിയിലേക്ക് നേരെ വന്നിരിക്കാനുള്ള സ്വാധീനമുള്ള ആളാണ്. എല്ലാവരേയും ഞെട്ടിച്ച് പ്രതിപക്ഷനേതൃസ്ഥാനത്ത് എത്തിയ വിഡി സതീശന്‍ കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരനാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ആളുമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത സതീശനില്ലെന്ന് ആരും പറയാനിടയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാകും!

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ എത്രത്തോളമാണ് എന്നത് കേരളത്തിലെ നേതാക്കള്‍ക്ക് തന്നെ സംശയമാണ് എന്ന രീതിയിലാണ് പലവാര്‍ത്തകളും വരുന്നത്. നിലവില്‍ എംപിമാരായ പലരും അടുത്ത തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലത്രെ. കോണ്‍ഗ്രസില്‍ സാധാരണ സംഭവിക്കാത്ത ഒരു കാര്യമാണിത്. ഒരാള്‍ ഒരിക്കല്‍ ജയിച്ചാല്‍, പിന്നെ അവിടെ തന്നെ മത്സരിച്ചുകൊണ്ടിരിക്കുക എന്നതാണ് കേരളത്തില്‍ ഈ പാര്‍ട്ടിയുടെ പ്രവണത. 

Read Also: യുഡിഎഫോ കോൺഗ്രസോ ആരെയും മുഖ്യമന്ത്രിയായി പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചിട്ടില്ലെന്ന് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട് ശശി തരൂര്‍ പറഞ്ഞതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചയ്ക്ക് തുടക്കമായത്. തരൂരിന്റെ കേരള പര്യടനവും പെരുന്ന സന്ദര്‍ശനവും എല്ലാം കൊണ്ട് ആകെ അങ്കലാപ്പിലായ കേരള നേതാക്കളുടെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു ആ പ്രതികരണം. പെരുന്നയില്‍ നിന്ന് തരൂരിന് ആവോളം കിട്ടിയ പിന്തുണയും വിഡി സതീശന് സ്ഥിരമായി കിട്ടിക്കൊണ്ടിരിക്കുന്ന വിമര്‍ശനവും എന്‍എസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. അതുകൊണ്ട് തന്നെ സതീശന് പ്രതികരിക്കാതിരിക്കാൻ ആകാത്ത സ്ഥിതിയും വന്നു.

ഇതിന്റെ പ്രതിഫലനമാണ് ഒടുവില്‍ സതീശന്റെ വിശദീകരണമായി പുറത്ത് വരുന്നത്. ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സതീശന്‍, തരൂരിനെ ലക്ഷ്യമാക്കി പറഞ്ഞത്. പാര്‍ട്ടി നേതൃത്വമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുക എന്നും സതീശന്‍ അടിവരയിട്ട് പറയുന്നുണ്ട്. ഈ വിഷയത്തില്‍ സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആര്‍ക്കെങ്കിലും അങ്ങനെ ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ അറിയിക്കട്ടേ എന്നും സതീശന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഏറെ നാളായി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലാത്ത ആളാണ് ശശി തരൂര്‍. അതുപോലെ തന്നെ കേരള നേതൃത്വത്തിനും തരൂരിനോട് പ്രിയമില്ല. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതോടുകൂടി ഹൈക്കമാന്‍ഡിന്റെ നോട്ടപ്പുള്ളിയുമായി. എന്നിട്ടും കേരളത്തിലെ നേതാക്കള്‍ തരൂരിന്റെ വരവിനെ ഉള്‍ഭയത്തോടെയാണ് കാണുന്നത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്കുപ്പായം തുന്നാന്‍ കാത്തിരിക്കുന്നവര്‍ മാത്രമല്ല, അല്ലാത്തവരും തരൂരിന്റെ വരവില്‍ വലിയ അങ്കലാപ്പിലാണ്.

തുടര്‍ച്ചയായി രണ്ട് തവണ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതിന്റെ എല്ലാ അവശതകളും ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. ഇനി ഒരിക്കല്‍ കൂടി പരാജയപ്പെട്ടാല്‍ കേരളത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും ഇപ്പോഴുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങണം എന്നും അവര്‍ക്കറിയാം. ഇപ്പോഴെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നത് വലിയ തിരിച്ചടിയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് അവര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിവാദങ്ങൾ പാ‍ർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നും ഇവർ കരുതുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News