Ashram attack case: ആശ്രമം കത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് ഗിരികുമാര്‍; വൈരാഗ്യ കാരണം ശബരിമല കേസെന്ന് പോലീസ്

Police remand report on Ashram attack case: കഴിഞ്ഞ ദിവസമാണ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറുമായ ഗിരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 02:36 PM IST
  • 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
  • അന്ന് ആശ്രമം സ്ഥിതി ചെയ്യുന്ന വലിയവിള വാര്‍ഡിലെ കൗണ്‍സിലറായിരുന്നു ഗിരികുമാര്‍.
  • അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു.
Ashram attack case: ആശ്രമം കത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് ഗിരികുമാര്‍; വൈരാഗ്യ കാരണം ശബരിമല കേസെന്ന് പോലീസ്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി നേതാവ് വി.ജി ഗിരികുമാറാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആശ്രമം കത്തിക്കാനുണ്ടായ കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറുമായ ഗിരികുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ കേസിനാസ്പദമായ സംഭവമുണ്ടായപ്പോള്‍ ആശ്രമം സ്ഥിതി ചെയ്യുന്ന വലിയവിള വാര്‍ഡിലെ കൗണ്‍സിലറായിരുന്നു ഗിരികുമാര്‍. കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവായ ശബരി എസ് നായരെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശബരി അറസ്റ്റിലായതിന് പിന്നാലെയാണ് ഗിരികുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആശ്രമം കത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ഗിരികുമാറാണെന്നും തീയിട്ട രണ്ട് പേരില്‍ ഒരാള്‍ ശബരിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. 

ALSO READ: ആതിരയുടെ മരണം: പ്രതി കോയമ്പത്തൂരിൽ ഒളിവിൽ, പ്രാദേശിക സഹായം സംശയിച്ച് പോലീസ്

അതേസമയം, ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ബിജെപി പറഞ്ഞു.

ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്. സിപിഎമ്മിന്റെ ആഞ്ജാനുവര്‍ത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിച്ചത്. ലഭ്യമായ തെളിവുകള്‍ പോലും പരിശോധനയ്ക്ക് വിധേയമാക്കാതെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. തിരുവനന്തപുരം നഗരസഭയിലെ സി.പി.എമ്മിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി നിലപാടുകള്‍ സ്വീകരിച്ചയാളാണ് ഗിരികുമര്‍. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരികുമാറാണ്. ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ​ഗുരുതരമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇത് പുറത്തുവരും. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നത് ഇടതു സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News