നാടൻ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇലയട. ഇലയട കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. നല്ല വാഴയിലയിൽ പൊതിഞ്ഞ് ചൂടുള്ള ഇലയടയ്ക്ക് നല്ല സ്വാദായിരിക്കും അല്ലേ..? എങ്കിൽ എളുപ്പത്തിൽ ഇലയട സ്വാദോടെ വീട്ടിൽ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.
അതിനായി അരിപ്പൊടി, തേങ്ങ ചിരകിയത്, ശർക്കര, ജീരകം, നേന്ത്രപ്പഴം, ഉപ്പ്, നെയ്യ്, വെളിച്ചെണ്ണ, വാഴയില എന്നിവ ആവശ്യമാണ്. ശേഷം അരിപ്പോടി ചൂടുള്ള വെള്ളത്തിൽ ഒഴിച്ച് കുഴച്ചെടുക്കുക. പത്തിരിമാവിന് പോലെയാണ് കുഴയ്ക്കേണ്ടത്.
അരിപ്പോടി കുഴയ്ക്കുന്നതിനൊപ്പം അൽപ്പം വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ശേഷം ചിരകി വെച്ച തേങ്ങ എടുക്കുക. അതിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് ചേർക്കുക. ശർക്കര നന്നായി പൊടിച്ചതും ജീരകം പൊടിച്ചതും ചേർത്ത് തേങ്ങയുടെ മിശ്രിതം തയ്യാറാക്കുക.
തേങ്ങയുടെ ഈ കൂട്ടാണ് നമുക്ക് ഇലയടയുടെ ഉള്ളിൽ ചേർത്ത് നൽകേണ്ടത്. ശേഷം ചെറുതായി മുറിച്ചു വെച്ച ഇല ഓരോന്നായി എടുത്തു വെള്ളമില്ലാത്ത വിധം തുടച്ചെടുക്കുക.
ശേഷം കുഴച്ച് വെച്ച മാവെടുത്ത് ഉരുളകളാക്കുക. അതിൽ നിന്നും ഒരു ഉരുളയെടുത്ത് ഒരു ഇലക്കഷണത്തിൽ വെക്കുക. അതിനു മുന്നോടിയായി ഇലയിൽ അൽപ്പം നെയ്യ് പുരട്ടുക. അിലേക്ക് മാവിന്റെ ഉരുള വെച്ച് പരത്തിയെടുക്കുക.
അതിലേക്ക് തേങ്ങയുടെ മിശ്രിതം ചേർക്കുക. തുടർന്ന് ഇലയും ചേർത്ത് ഇവ രണ്ടായി മടക്കുക. അതിന് ശേഷം ആവി കയറ്റുന്ന പാത്രം എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
ശേഷം ഓരോ അടയായി പാത്രത്തിലേക്ക് എടുത്ത് വെച്ച് നന്നായി വേവിക്കുക ഒരു പതിനഞ്ച് ഇരുപത് മിനുറ്റ് വേവിക്കുക. ശേഷം ഗ്യാസ് ഓഫാക്കിയ ശേഷം പാത്രത്തിന്റെ മൂടി തുറക്കാതെ വെക്കുക. അൽപ്പ സമയത്തിന് ശേഷം തുറന്ന് അട കഴിക്കാവുന്നതാണ്.