ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ പഞ്ചാബ് കിങ്സിന് തിരിച്ചടി. പഞ്ചാബിന്റെ വിക്കറ്റ് കീപ്പർ താരം ജോണി ബെയ്ർസ്റ്റോയ്ക്ക് ഐപിഎൽ 2023 സീസണിൽ പങ്കെടുക്കാനുള്ള അവസരം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിഷേധിച്ചു. പരിക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ബെയ്ർസ്റ്റോ കളത്തിന് പുറത്തായിരുന്നു. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്ററുടെ പരിക്ക് ഭേദമായെങ്കിലും താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുന്നതിനാലാണ് ഇസിബി അവസരം നിഷേധിച്ചത്. കഴിഞ്ഞ വർഷം നടന്ന ഐപിൽ താരലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് പിബികെഎസ് ജോണി ബെയ്ർസ്റ്റോയെ സ്വന്തമാക്കുന്നത്.
ഗോൾഫ് കളിക്കുന്നതിനിടെ കാലിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് ഓപ്പണർക്ക് ഇംഗ്ലണ്ട് കിരീടം ചൂടിയ ഈ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ പോലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ അതിന് ശേഷം പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള ഇംഗ്ലണ്ടിന്റെ പര്യടനത്തിൽ നിന്നും ബെയ്ർസ്റ്റോയെ ഒഴിവാക്കിയിരുന്നു. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് കരുതുന്നതെന്നും അതെ തുടർന്നാണ് ബെയ്ർസ്റ്റോയ്ക്ക് ഐപിഎൽ 2023ൽ പങ്കെടുക്കാൻ ഇസിബി അവസരം നിഷേധിച്ചതെന്നും ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. താരം ഫിറ്റ്നെസ് വീണ്ടെടുത്ത് ആഷെസ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേരുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നതെന്ന് ക്രിക്ക് ബസ്സ് തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
ALSO READ : IPL 2023: ഐപിഎൽ നിയമങ്ങളിൽ വീണ്ടും മാറ്റം; പ്ലേയിംഗ് ഇലവനെ അറിയാൻ ഇനി ടോസ് കഴിയണം
അതേസമയം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പഞ്ചാബ് കിങ്സിന്റെ മറ്റൊരു ഇംഗ്ലീഷ് താരം ലിയാം ലിവ്ങ്സ്റ്റോണിന് ഐപിഎൽ 2023ൽ പങ്കെടുക്കാൻ ഇസിബി അനുവാദം നൽകി. കണങ്കാലിനും കാൽമുട്ടിനും ഏറ്റ പരിക്കിനെ തുടർന്ന് 2022 ഡിസംബർ മുതൽ ഇംഗ്ലീഷ് താരം വിശ്രമത്തിലായിരുന്നു. പാകിസ്ഥാനിലെ റാവൽപിണ്ടി ടെസ്റ്റ് മത്സരത്തിനിടെയാണ് ലിവിങ്സ്റ്റോണിന് കാലിന് പരിക്കേൽക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിന്റെ 29കാരനായ ഓൾറൗണ്ടർ താരം തന്റെ ആഭ്യന്തര ക്ലബായ ലെങ്കാഷെയ്റിന് വേണ്ടി ദുബായിയിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. 11.5 കോടി എന്ന മോഹ വിലയ്ക്കാണ് ലിവിങ്സ്റ്റോണിനെ പഞ്ചാബ് കിങ്സ് താരലേലത്തിലൂടെ സ്വന്തമാക്കിയത്.
ലിവിങ്സ്റ്റോണിന് പുറമെ ഐപിഎൽ മിനി താരലേലത്തിൽ ഏറ്റവും ചിലവേറിയ താരമായിരുന്ന ഇംഗ്ലണ്ടിന്റെ സാം കറനും പഞ്ചാബ് കിങ്സിനൊപ്പം ചേരും. ഇംഗ്ലണ്ട് ചാമ്പ്യന്മാരായ ടി20 ലോകകപ്പ് ടൂർണമെന്റ് താരമായിരുന്ന ഇംഗ്ലീഷ് ഓൾറൗണ്ടറെ റിക്കോർഡ് തുകയായ 18.5 കോടി രൂപയ്ക്കാണ് പിബികെഎസ് ഐപിഎൽ മിനി താരലേലത്തിൽ സ്വന്തമാക്കിയത്. മാർച്ച് 31നാണ് ഐപിഎൽ 2023 സീസണിന് തുടക്കം കുറിക്കുക. ഏപ്രിൽ ഒന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൊഹാലിയിൽ വെച്ചാണ് പഞ്ചാബ് കിങ്സിന്റെ ഐപിഎൽ 2023ലെ ആദ്യ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...