ഈ ഹോട്ടലിൽ താമസിക്കുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയിലധികം ചിലവാകും. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായ ബുർജ് അൽ അറബ് ആണിത്. 1999-ൽ ഒരു ബില്യൺ ഡോളർ ചിലവിലാണ് ഒരു മനുഷ്യനിർമിത ദ്വീപിൽ മൂന്ന് വശങ്ങളിലായി സ്വകാര്യ ബീച്ചുകളോടെ ബുർജ് അൽ അറബ് നിർമിച്ചത്. ബുർജ് അൽ അറബ് ജുമൈറയെ സംബന്ധിച്ച ചില കാര്യങ്ങളിതാ.
ബുർജ് അൽ അറബ് ഹോട്ടൽ കെട്ടിടം മുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ആയിരുന്നു. പിന്നീട് അത് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഹോട്ടലുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നു.
സ്യൂട്ടുകൾ എല്ലാം വളരെ വിശാലമാണ്. ഹോട്ടലിൽ 202 സ്യൂട്ടുകൾ മാത്രമേയുള്ളൂ. ഏറ്റവും ചെറിയ മുറിക്ക് 169 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഏറ്റവും വലിയ മുറി 780 ചതുരശ്ര മീറ്ററാണ്.
ഹോട്ടലിന്റെ അകത്തളങ്ങൾ 24 കാരറ്റ് സ്വർണം പൂശിയതാണ്. ഹോട്ടലിന്റെ ആഡംബര ഇന്റീരിയറുകൾ അലങ്കരിക്കാൻ ഏകദേശം 1,790 ചതുരശ്ര മീറ്റർ 24 കാരറ്റ് സ്വർണ ലീഫുകൾ ഉപയോഗിച്ചു.
ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടൽ സ്യൂട്ടുകളിൽ ഒന്നാണ് ബുർജ് അൽ അറബിന്റെ റോയൽ സ്യൂട്ടുകൾ. ഏറ്റവും വിലകുറഞ്ഞ താമസസൗകര്യത്തിന് 1,19,793 രൂപയും വിലകൂടിയ താമസത്തിന് 6,14,209 രൂപയും ഒറ്റ രാത്രിക്ക് ചിലവ് വരും. 25-ാം നിലയിലുള്ള ഹോട്ടലിലെ ഏറ്റവും ആഡംബര സ്യൂട്ടായ 'റോയൽ സ്യൂട്ടിന്' ഒരു ദിവസത്തേക്ക് 22,00,000 രൂപയിലധികം ചിലവ് വരും.
ഹോട്ടലിന്റെ അത്യാഡംബര സ്പാ ആയ തലിസേ സ്പാ 150 മീറ്റർ ഉയരത്തിൽ 18-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. സ്പായിൽ നിന്ന് അതിഥികൾക്ക് വിശ്രമവേളയിൽ മികച്ച കാഴ്ചകൾ കാണാൻ സാധിക്കുന്നു.
കെട്ടിടത്തിന് മുകളിലെ റെസ്റ്റോറന്റിന് പുറമേ, കടലിനടിയിൽ അൽ മഹാറ എന്ന പേരിൽ ഒരു റെസ്റ്റോറന്റും ഉണ്ട്, ഒരു അണ്ടർവാട്ടർ ടണൽ വഴി ഈ റെസ്റ്റോറന്റിലേക്ക് എത്തിച്ചേരാനാകും. 9,90,000 ലിറ്റർ വെള്ളമുള്ള ഒരു വലിയ അക്വേറിയവും റെസ്റ്റോറന്റിലുണ്ട്.