റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് മലയാളത്തിലേക്കും

  

Last Updated : Jun 23, 2018, 04:12 PM IST
റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് മലയാളത്തിലേക്കും

ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് ഇനി മലയാളത്തിലും. മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. 
24 ഞായറാഴ്‍ച വൈകിട്ട് ഏഴ് മണിക്കാണ് ഈ ഷോ ആരംഭിക്കുന്നത്. 

സല്‍മാന്‍ ഖാനും കമല്‍ ഹാസനുമടക്കമുള്ളവര്‍ തമിഴിലും, ഹിന്ദിയിലും ഇതേ ഷോകള്‍ അവതരിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ മലയാളത്തിലെത്തുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കാനുള്ളത്? എന്തുകൊണ്ട് ഈ ഷോയില്‍ അവതാരകന്‍റെ കസേരയിലേക്ക് വരാന്‍ തീരുമാനിച്ചു എന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു.

വീഡിയോ കാണാം: 

16 മത്സരാര്‍ഥികള്‍ 100 ദിവസം ആ വീട്ടില്‍ എന്താവും ചെയ്യുക എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് "അതൊക്കെ രഹസ്യമാണെന്നും ഈ 16 പേര്‍ ആരാണെന്നോ, അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നോ തനിക്കറിയില്ല എന്നാണ് മോഹന്‍ലാലിന്‍റെ പ്രതികരണം. എന്തായാലും അവര്‍ക്ക് എന്തു ചെയ്യാം എന്ത് പാടില്ല എന്നത് സംബന്ധിച്ച് നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പുറംലോകവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ വെല്ലുവിളി. ഫോണോ, ഇന്‍റര്‍നെറ്റോ, ലാപ്‍ടോപ്പോ, പത്രങ്ങളോ, മാസികകളോ, റോഡിയോ,പേനയോ, പേപ്പറോ ഒന്നും ഇവിടെ അനുവദിക്കില്ല. മാത്രമല്ല 100 ദിവസം എന്നത് വലിയൊരു കാലയളവാണ്, ശരിക്കും ഇതൊരു വെല്ലുവിളി തന്നെയാണ്.

തമിഴിലെ ബിഗ് ബോസ് മാത്രമേ കണ്ടിട്ടുള്ളുവെന്നും അവതാരകനായി വരുന്നതിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു‍. ജീവിതം പോലെ അനിശ്ചിതവും ആനന്ദകരവുമായ സാഹചര്യത്തിലേക്കാണ് ആ 16 മത്സരാര്‍ഥികള്‍ വരാന്‍ പോകുന്നതെന്നും സ്പോര്‍ട്‍സോ ഗെയിംസോ ഒക്കെപ്പോലെ വെല്ലുവളി നിറഞ്ഞ ഒരു കളിയായിട്ടാണ് താന്‍ ബിഗ് ബോസിനെയും കാണുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. 

ഏഷ്യാനെറ്റിന്‍റെ 25 മത്തെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്.  

Trending News