പോരും പോർവിളികളുമായി ഉലകം ചുറ്റുന്ന മല്ലന്റെ നിഴലായി മാറിയ കുഞ്ഞനിയൻ. കളിച്ചും ചിരിച്ചും കുറുമ്പ് കാട്ടിയും ജമന്തിയുടെ ജീവിതത്തിൽ പ്രണയമായി പൂവിട്ട കള്ളക്കറുമ്പൻ. അയ്യനാരുടെ ഓമന പുത്രൻ. ചിന്നപയ്യൻ പലർക്കും പലതായിരുന്നെങ്കിലും, തന്റെ ജ്യേഷ്ഠന്റെ വീര കഥകൾ പെരുമ്പറ കൊട്ടി വാനോളം ഉയർത്തി പാടുക മാത്രമായിരുന്നു അവന്റെ ജീവിതാഭിലാഷം. ഒരു സിനിമയെ സംബന്ധിച്ച് നായകന്റെ എൻട്രി എപ്പോഴും അല്പം സ്പെഷ്യൽ ആണ്. മലൈക്കോട്ടൈ വാലിബനെന്ന ചിത്രത്തിൽ ആ ദൗത്യം പൂർണമായും ചിന്നപയ്യന്റെ കൈകളിൽ ആയിരുന്നുവെന്ന് തന്നെ പറയാം.
പെരുമ്പറ കൊട്ടി ഈണത്തിലും താളത്തിലും മല്ലന്റെ വിജയഗാഥകൾ വാഴ്ത്തി പ്രേക്ഷകർക്ക് മുന്നിലേക്ക് മോഹൻലാലിനെ കൊണ്ടുവന്ന ആ സീൻ ചിത്രത്തിലെ മികച്ച രംഗങ്ങളിൽ ഒന്നായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ അവസരം ലഭിക്കുക, മോഹൻലാലിനൊപ്പം തോളോട് തോൾ ചേർന്ന് അഭിനയിക്കാൻ കഴിയുക ഇവയെല്ലാം തന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ ഭാഗ്യങ്ങൾ ആണെന്ന് പറയുകയാണ് മലൈക്കോട്ടൈ വാലിബനിലെ ചിന്ന പയ്യൻ എന്ന മനോജ് മോസസ്. സീ മലയാളം ന്യൂസുമായി മലൈക്കോട്ടൈ വാലിബൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.
ആ സിനിമ മലൈക്കോട്ടെ വാലിബൻ സമ്മാനിച്ചു...
എന്റെ ആദ്യചിത്രമായ മൂൺ വാക്ക് കണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ഈ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുക്കുന്നത്. 80 കാലഘട്ടങ്ങളിലെ ഡാൻസുമായി ബന്ധപ്പെട്ട് പറയുന്ന കഥയാണ് മൂൺ വാക്ക്. അതിൽ എന്നെ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒഡിഷൻ കഴിഞ്ഞ ശേഷമാണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്യുന്നത്. ആദ്യമായി അഭിനയിച്ച സിനിമ മൂൺ വാക് ആണെങ്കിലും ആദ്യം റിലീസ് ചെയ്തത് മലൈക്കോട്ടേ വാലിബാൻ ആണ്. മൂൺ വാക്ക് ഉടനെ തന്നെ റിലീസ് ചെയ്യുന്നതായിരിക്കും.
ALSO READ: കൺകണ്ടത് നിജം കാണപോകത് പൊയ്! മാതംഗിയെ കാണാനെത്തുമോ വാലിബൻ... മനസ്സ് തുറന്ന് സുചിത്ര നായർ!
ചിന്നപയ്യന് വേണ്ടി ഈ കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ..
മീശയും, താടിയും, മുടിയും വളർത്തി എന്നല്ലാതെ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും ചിന്നപയ്യന് വേണ്ടി ചെയ്തിരുന്നില്ല. അവർ ആദ്യമേ താടിയും മുടിയും നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒഡിഷന് പോകുമ്പോൾ ഞാൻ ക്ലീൻ ഷേവ് ആയിരുന്നു. അതുകൊണ്ട് തന്നെ എനിക് പേടി തോന്നിയിരുന്നു, ആ കാരണം കൊണ്ട് എനിക്ക് ചാൻസ് കിട്ടാതിരിക്കുമോ എന്ന്. എന്നാൽ എന്റെ ശരീര ഭാഷയാണ് അവർ കൂടുതലായും ശ്രദ്ധിച്ചത്. മലൈക്കോട്ടേ വാലിബൻ ഒരു മല്ലനല്ലെ അതുകൊണ്ട് മല്ലന്റെ കൂടെ നിൽക്കുന്ന ആളുടെ ശരീരവും അത് പോലെ ആകണം എന്നുള്ളത് കൊണ്ടാകാം.
ശെരിക്കും ഭാഗ്യം തന്നെയായിരുന്നു..
വാലിബാൻ ശെരിക്കും എന്റെ സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ഭാഗ്യമാണ് നൽകിയത്. ഒരു വലിയ പ്രോജെക്ടിന്റെ നല്ലൊരു ഭാഗം എനിക് അഭിനയിക്കാൻ സാധിച്ചു. മോഹൻലാൽ എന്ന വലിയ നടനോടൊപ്പം അദ്ദേഹത്തോട് ചേർന്ന് നിന്ന് അഭിനയിക്കാൻ കഴിയുക എന്നത് വലിയ കാര്യമല്ലേ... ഞാനും എന്ടെ കുടുംബവും സുഹൃത്തുക്കളും എല്ലാം അതിന്റെ ഒരു ത്രില്ലിലാണ്.
കഥയുമായുള്ള അഭിനയം കുറച്ചൂടെ ഈസിയിയാരുന്നു..
കഥയെ ഞാൻ പരിചയപ്പെടുന്നത് സിനിമയുടെ വർക്ക് ഷോപ്പിൽ വെച്ചാണ്. ഒരാഴ്ച നീണ്ട ആക്ടിങ് വർക്ക് ഷോപ്പ് ഞങ്ങൾക് വാലിബനുമായി ബന്ധപ്പെട്ട് ഉണ്ടായതിനാൽ അവിടെ വെച്ച് നല്ല കൂട്ടായി മാറിയിരുന്നു. അതുകൊണ്ട് അഭിനയിക്കുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. കുക്കു പരമേശ്വരൻ മാം ആയിരുന്നു ഞങ്ങളുടെ വർക്ക് ഷോപ്പ് ലീഡ് ചെയ്തത്. അവർ ആദ്യമേ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി അതിലൂടെ ഞങ്ങൾ തമ്മിൽ ഒരു ബോണ്ട് ക്രീയേറ്റ് ചെയ്യാനായി സഹായിച്ചിരുന്നു. ഞാൻ അവളെ ജമന്തി എന്നും അവൾ എന്നെ ചിന്നാ എന്നുമാണ് ഇപ്പോഴും വിളിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലും അങ്ങനെ തന്നെ ആയിരുന്നു. വെറുതെ സംസാരിക്കുമ്പോളും ഞങ്ങൾ ചിന്നാ ജമന്തി അങ്ങനെയാണ് വിളിച്ചു കൊണ്ടിരുന്നത്.
എന്നെ ഡബ് ചെയ്തത് ഞാൻ തന്നെ...
സിനിമയുടെ തുടക്കത്തിൽ വാലിബനെ പ്രേക്ഷകർക്ക് മുന്നിൽ ഇൻട്രഡ്യൂസ് ചെയ്യാനായി പറയുന്ന ഡയലോഗ് ഇല്ലേ അതാണ് എനിക് ഓഡിഷനിൽ പോയപ്പോൾ ചെയ്യാനായി ലഭിച്ചിരുന്നത്. മലയാളത്തിലും തമിഴിലും എല്ലാം എന്റെ ക്യാരക്ടറിനെ ഡബ് ചെയ്തത് ഞാൻ തന്നെയാണ്. കുറച്ച് ഡ്രമാറ്റിക് ആയുള്ള ഡയലോഗുകൾ ആയിരുന്നു എല്ലാം. അത് അങ്ങനെ ഞാൻ പറഞ്ഞു പഠിച്ചതായിരുന്നു. ഓഡിഷൻ കഴിഞ്ഞ് പിന്നീട് അഭിനയം തുടങ്ങിയപ്പോൾ അവർ പറഞ്ഞതും അതായിരുന്നു.. ഒരു ഈണം ഡയലോഗിൽ കൊണ്ടു വരണം, നിന്റെ അണ്ണൻ ഒരു മല്ലനാണ് അദ്ദേഹത്തെ വേദിയിലേക് ക്ഷണിക്കുയാണ് കുറച്ചു ഡ്രാമറ്റിക് ആയിട്ട് പറയണം എന്ന്. അതാ രീതിയിൽ തന്നെ ചെയ്യുകയായിരുന്നു.
ലൊക്കേഷനും കാലാവസ്ഥയും
രാജസ്ഥാനിൽ വെച്ചായിരുന്നു ഷൂട്ട്. അവിടെ എത്തിയ സമയത്ത് ഭയങ്കര തണുപ്പായിരുന്നു. അത് ഷൂട്ടിങ്ങിനെ സാരമായി ബാധിച്ചിരുന്നു. കഥയുമായുള്ള സീൻ ഒക്കെ അധികവും രാത്രി ആയിരുന്നു. ആ തണുപ്പിൽ രാത്രിയിലെ ഷൂട്ട് ഒക്കെ കുറച്ചു ബുദ്ധിമുട്ടി.
ഞങ്ങളിപ്പോൾ ശരിക്കും അണ്ണനും തമ്പിയും...
ഞാൻ ലാലേട്ടനെ ആദ്യമായി കാണുന്നത് വാലിബാൻ സെറ്റിൽ വെച്ചാണ്. പക്ഷെ ഞാൻ ശെരിക്കും താമസിക്കുന്നത് ലാലേട്ടന്റെ കുടുംബ വീട്ടിന്റെ തൊട്ടടുത്താണ്. പക്ഷെ അദ്ദേഹത്തെ അത് വരെയും കണ്ടിട്ടില്ലായിരുന്നു. എങ്കിലും തിരുവനന്തപുരംകാരാണ് രണ്ടു പേരും എന്നുള്ള ഒരു ബോണ്ട് പരസ്പരം ഉണ്ടായിരുന്നു. ക്യാരക്ടറിന് വേണ്ടി അല്ലാതെ ഞാൻ ആദ്യം അണ്ണാ എന്ന് വിളിച്ചില്ലായിരുന്നു. പിന്നീട് സിനിമ തീരുന്നത് വരെ ഞാൻ അണ്ണാ എന്ന് വിളിച്ചോട്ടെ എന്ന് ലാലേട്ടനോട് ചോദിച്ചു... അതിനെന്താ മോനെ നീ എന്ത് വേണമെങ്കിലും വിളിച്ചോ എന്ന് ഭയങ്കര ക്യൂട്ട് ആയിട്ടാണ് പുള്ളി മറുപടി പറഞ്ഞത്. പിന്നെ അണ്ണൻ തന്നെ ആയി മാറി. ലാലേട്ടനെ ഇപ്പോൾ ഇടക്ക് ഫോണിൽ വിളിച്ചു സംസാരിക്കുമ്പോഴും അണ്ണൻ എന്നു തന്നെയാണ് ഞാൻ വിളിക്കുന്നത്. പുള്ളി ചിന്നാ എന്നും.
ആ സീനിൽ ശെരിക്കും വിയർത്തു..
ഞാൻ ജമന്തിയെ പിരിയുമ്പോഴുള്ള സീൻ കുറച്ച് ബുദ്ധിമുട്ടി. കരയാൻ പറഞ്ഞപ്പോൾ എനിക് അത് കോമഡി സീൻ ആയിരിക്കും എന്നാണ് തോന്നിയത്. എന്ടെ മനസ്സിൽ വന്നത് ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയാണ്. അത് മനസ്സിൽ വെച്ചോണ്ട് ഞാൻ കരയാൻ തുടങ്ങി. അതോടെ ലിജോ സർ ശെരിക്കും ദേഷ്യപ്പെട്ടു. ഡാ നീ കോമഡി ആകരുത്. നീ ശെരിക്കും അഭിനയിക്കണം. നീ നിന്റെ പെണ്ണിനെ പിരിഞ്ഞു പോകുകയാണ് ആ ഫീലിൽ കരയ്. ആൾക്കാർ അത് കോമഡി ആയിട്ടെടുത്തോളും എന്നു പുള്ളി പറഞ്ഞു. കുറച്ചു നേരം ആ സീൻ എടുക്കേണ്ടി വന്നു.
ലാലേട്ടൻ തന്ന സപ്പോർട്ട്...
അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. എന്തെങ്കിലും തെറ്റി പോകുകയാണെങ്കിൽ കൂൾ ആയിട്ട് ചെയ്യൂ മോനെ... സമയം എടുത്തു ചെയ്യൂ എന്നൊക്കെയാണ് പുള്ളി പറയുക. പക്ഷെ നമുക്കവരെ കൂടുതൽ വെയിറ്റ് ചെയ്യിക്കാൻ പറ്റില്ലല്ലോ...
സെക്കന്റ് പാർട്ടിനെ കുറിച്ച് അറിഞ്ഞില്ല
എനിക് ആദ്യം സിനിമയ്ക്ക് ഇങ്ങനെ ഒരു സെക്കന്റ് പാർട്ട് ഉണ്ടെന്നുള്ളത് അറിയില്ലായിരുന്നു.. ഇനി അത് കൺഫോം ആണോ രണ്ടാം ഭാഗം ഉണ്ടോ എന്ന് ഇപ്പോഴും അറിയില്ല.
നെഗറ്റീവ് കമ്മന്റ്സിനെ കുറിച്ച്...
മലയാള സിനിമയിൽ തന്നെ പുതിയൊരു സംഭവമാണിത്. അത് ആൾക്കാർക്ക് തുടക്കത്തിൽ ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായി എന്നുള്ളത് സത്യം തന്നെയാണ്. ലാലേട്ടൻ ഫാൻസ് ആയാലും ഇപ്പോ അദ്ദേഹത്തിന്റെ നരസിംഹം, ലൂസിഫർ അങ്ങനെ ഒരു കോൺസെപ്റ്റിൽ ആണ് സിനിമ കാണാനായി വരുന്നത്. അപ്പോൾ ഇങ്ങനെ ഒന്ന് ഉൾക്കൊള്ളാൻ പെട്ടന്ന് ബുദ്ധിമുട്ട് ആയിരിക്കും.. മെല്ലെ മെല്ലെ ശെരിയായിക്കോളും.
പുതിയ പ്രൊജക്റ്റ്‌സ്...
പുതിയ രണ്ട് സിനിമകൾ ഇപ്പോൾ ഡിസ്കഷനിൽ ഉണ്ട്.. കൂടുതൽ അതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.