കൃത്യതയില്‍ ഒതുക്കാനാകാത്ത കഥകളുണ്ട്. ജീവിതം പോലെ പല കോണുകളില്‍ പല സത്യങ്ങളായിരിക്കും, ചിലപ്പോള്‍ സത്യങ്ങളേ ഇല്ലായിരിക്കും. അങ്ങനെയൊരു കഥ പറയുന്ന ചലച്ചിത്രമാണ് നോയിസ് ഓഫ് ദി എന്‍ജിന്‍ എന്ന കനേഡിയന്‍ സിനിമ. കസ്റ്റംസ് കോളേജിലെ പരിശീലകനായ യുവാവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അപ്രതീക്ഷിതവും ദുരിത പൂര്‍ണവുമായ സംഭവങ്ങളാണ് കഥയുടെ അടിസ്ഥാനം. എന്നാല്‍ സമാനമായ പ്രമേയമുള്ള ഒരു സാധാരണ സിനിമ നല്‍കുന്ന സംഭവങ്ങളിലെ വ്യക്തത ഈ ചിത്രം നല്‍കുന്നില്ല എന്ന പ്രത്യേകതയുണ്ട്.
നായകന്‍ ആരാണ്, പ്രതിനായകന്‍ ആരാണ്, അതുമല്ലെങ്കില്‍ നായകനിലെ പ്രതിനായകത്വമെങ്കിലും പറഞ്ഞുകൊണ്ട് സാധാരണ സിനിമ അവ്യക്തതകള്‍ക്ക് അന്ത്യം കുറിക്കും. എന്നാല്‍ സംവിധായകന്‍ ഫിലിപ്പി ഗ്രിഗോറി തീരുമാനം കാഴ്ചക്കാരന് വിടുകയാണ്. കഥാപാത്രങ്ങള്‍ കാണുന്നതും കഥാപാത്രങ്ങളെയും മാത്രമാണ് പ്രേക്ഷകനും കാണാനാവുക. ആരും കാണാത്ത സത്യം ജീവിതത്തിലേതു പോലെ മറഞ്ഞിരിക്കുന്നു.
ALSO READ : 99 Moons Review: പ്രണയവും ലൈംഗികതയും തമ്മിലെ വടംവലി; 99 മൂൺസ് റിവ്യൂ
ലൈംഗികാതിക്രമ ആരോപണത്തില്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിക്ക് വിധേയനാക്കപ്പെടുന്ന അലക്‌സാന്ദ്രേയുടെ ജീവിതം തുടര്‍ച്ചയായ വേട്ടയാടലുകളില്‍ വ്രണപ്പെടുന്നു. ഡാര്‍ക്ക് തീമുകളും മുരളുന്ന വാഹനങ്ങളുടെ പ്രതീകാത്മക രംഗങ്ങളും ദുരിതങ്ങളില്‍ നിന്ന് ഉറക്കത്തിലേക്കുള്ള ഒളിച്ചോട്ടവും അവിടെ തേടിയെത്തുന്ന ദുസ്വപ്‌നങ്ങളും നായകനിലെ മാനസികാവസ്ഥ തുറന്നെടുക്കുന്നു.
കാര്‍ഷിക വൃത്തിയുടെ പാരമ്പര്യത്തില്‍ നിന്ന് ഡ്രാഗ് റേസിങ്ങിലേക്ക് വഴിമാറിയതാണ് അലക്‌സാന്ദ്രേയുടെ കുടുംബം. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ യന്ത്രമുരള്‍ച്ചകളുടെ ലോകത്ത് അയാള്‍ വീണ്ടുമെത്തുന്നു. അസ്വസ്ഥതകളുടെ റേസിങ് ട്രാക്കില്‍ അയാള്‍ ഒരു സൗഹൃദം കണ്ടെത്തുന്നതോടെ കഥ വഴിത്തിരിവിലെത്തുന്നു. ലൈംഗിക വൈകൃതത്തിനുടമയെന്ന ചാപ്പകുത്തല്‍ യുവാവിന്റെ ജീവിതത്തെ തകിടം മറിക്കുന്നുണ്ട്. നഗരത്തില്‍ പ്രത്യക്ഷപ്പെടുന്ന ലൈംഗിക ചുമര്‍ച്ചിത്രങ്ങളുടെ പിന്നില്‍ അലക്‌സാന്ദ്രെ ആണെന്ന ആരോപണവും ഉണ്ടാകുന്നു.
ക്രൂരമായ വേട്ടയാടലുകള്‍ക്ക് നായകന്‍ ഇരയാക്കപ്പെടുമ്പോഴും സത്യമെന്തെന്ന് സിനിമ പറയുന്നില്ല. നായകനില്‍ നിന്നും അതിനുള്ള ഉത്തരം കാഴ്ചക്കാരന് ലഭിക്കുന്നുമില്ല. പക്ഷെ വേട്ടയാടലുകള്‍ തുടരുന്നു. ശുഭമോ ദുരന്തമോ എന്ന് വേര്‍തിരിക്കാനാകാത്ത പ്രശ്‌നങ്ങളുടെ പരിഹാരത്തോടെ അവസാനിക്കുന്ന ചിത്രമല്ല നോയിസ് ഓഫ് ദി എന്‍ജിന്‍. അവസാനിക്കുന്ന കഥയല്ല, തുടരുന്ന ജീവിതമാണ് ചിത്രം പറഞ്ഞുനിര്‍ത്തുന്നത്.
വടക്കേ അമേരിക്കന്‍ ചിത്രങ്ങളുടെ പൊതു ശൈലി ഈ സിനിമയിലും പ്രകടമാണെങ്കിലും അധികാരത്തിനും വ്യവസ്ഥിതിക്കും വിമര്‍ശനകരമായ ഒരു ചോദ്യം ചിത്രം നല്‍കുന്നുണ്ട്. സാധാരണ കാഴ്ചക്കാരനെ സിനിമ രസിപ്പിച്ചേക്കില്ല, പൊതു കഥപറച്ചില്‍ രൂപത്തില്‍ നിന്ന് മാറി നില്‍ക്കുന്നതുകൊണ്ട് നോയിസ് ഓഫ് ദി എന്‍ജിന്‍ കണ്ടിരിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...