മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന് ആരോപണം ഉയര്‍ന്ന കുറ്റിപ്പുറത്ത് ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍.
കമ്മീഷന് വൈസ് ചെയര്മാന് അഡ്വ.എല്‍ മുരുകന് കുറ്റിപ്പുറം സന്ദര്‍ശിക്കുകയും ജനങ്ങളുടെ പരാതി കേള്‍ക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കോളനിയിലെ 23 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭാ കരന്ദലജെ സംഭവം ട്വീറ്റ് ചെയ്തതോടെ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായി.
എംപിയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനു ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ബിജെപി കേരളാ ഘടകം പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി സുധീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും കോളനി നിവാസികളോട് സംഭവത്തെ കുറിച്ച് ആരായുകയും ചെയ്തു.
തുടര്‍ന്ന്, പട്ടികജാതി മോര്‍ച്ചയും കോളനി നിവാസികളും ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് വൈസ് ചെയര്‍മാന്റെ സന്ദര്‍ശനം.
സബ് കളക്ടർ, തഹസിൽദാർ, ജില്ല പോലീസ് മേധാവി , പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണാധികാരികൾ തുടങ്ങിവര്ക്കൊപ്പമായിരുന്നു വൈസ് ചെയര്‍മാന്റെ സന്ദര്‍ശനം.
സുപ്രധാന തീരുമാനങ്ങൾ
1. ഓരോ ദിവസവും 6000 ലിറ്റർ വെള്ളം ഗ്രാമപഞ്ചായത്ത് കോളനിയിൽ വിതരണം ചെയ്യും.
2. മാർച്ച് 15ന് മുൻപ് കുടിവെള്ളം ലഭ്യമാക്കാൻ സ്ഥിരം പദ്ധതി നടപ്പാക്കും
3. കുടിവെളളം നിഷേധിച്ച്അപമാനിച്ചവർക്കെതിരെ പട്ടിക വിഭാഗപീഢന നിരോധന നിയമ പ്രകാരം കേസെടുക്കും
4. 15 ദിവസത്തിനകം കോളനിയിലെ കുട്ടികൾക്കു വേണ്ടി അംഗനവാടി ആരംഭിക്കും.
5.കക്കൂസില്ലാത്ത വീടുകളിൽ ഉടൻ കക്കൂസ് നിർമ്മിക്കും.