തിരുവനന്തപുരം: ലയന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ എൽജെഡി സംസ്ഥാന നേതൃത്വം. ലയനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ യോഗത്തിൽ ചേരി തിരിഞ്ഞതോടെ അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.ആർജെഡിയുമായി ലയിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം എൽജെഡി നേതാക്കളും സമാജ് വാദി പാർട്ടിയുമായി ലയിക്കണമെന്ന ആവശ്യത്തിലാണ് ഉറച്ചുനിൽക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സമിതി ഏഴംഗ സബ് കമ്മറ്റിയ്ക്ക് രൂപം നൽകി.
2024-ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പരിവാറുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ശരദ് യാദവും ലാലു പ്രസാദ് യാദവുമാണ് ലയനത്തിന് തുടക്കമിട്ടത്. അതോടെ എം വി ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന കേരളാ ഘടകം ലയനത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അതിനിടയിൽ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിബന്ധന വച്ച് ദേവഗൗഡയുടെ പാർട്ടിയിൽ ലയിക്കാനുള്ള നീക്കങ്ങൾ നടത്തിയതും ഫലം കണ്ടില്ല. തുടർന്നാണ് ലയന കാര്യത്തെക്കുറിച്ച് തീരുമാനിക്കാൻ സംസ്ഥാന സമിതി കോഴിക്കോട് ചേർന്നതും തീരുമാനമാകാതെ പിരിഞ്ഞതും.
സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള സമാജ് വാദി പാർട്ടി, ആർജെഡി, ജെഡിഎസ് എന്നീ പാർട്ടികളുടെ ദേശീയ നേതൃത്വങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഏത് പാർട്ടിയിൽ ലയിക്കുമെന്ന് തീരുമാനിക്കുക. ലയനത്തെക്കുറിച്ച് എൽ ഡി എഫിലും അഭിപ്രായം ചോദിച്ച ശേഷമെ അന്തിമ തീരുമാനമെടുക്കു.എംപി വീരേന്ദ്രകുമാറിന്റെ ഓർമദിനമായ മേയ് 28ന് മുൻപ് തീരുമാനത്തിലെത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് കോഴിക്കോട് പറഞ്ഞു.
അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ എം വി ശ്രേയാംസ് കുമാർ കടുത്ത അതൃപ്തിയിലാണ്. സിപിഐക്കെതിരെ വിമർശനം ഉന്നയിക്കുകയും പിന്നീട് സിൽവർ ലൈൻ പദ്ധതിയിൽ മുന്നണി നിലപാടിന് വിരുദ്ധമായി എൽജെഡി നേതാക്കൾ പ്രതികരിച്ചതുമെല്ലാം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA