തിരുവനന്തപുരം: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സ്യഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയെ അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.48 പേരടങ്ങുന്ന സംഘം ഉടന്‍ ഇവിടെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവര്‍ഷം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചിരിക്കുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍വകുപ്പ് മന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
അതേസമയം അടിയന്തിരഘട്ടങ്ങളെ നേരിടാന്‍ കേന്ദ്രത്തില്‍ നിന്ന് ഒരു സംഘത്തെക്കൂടി സംസ്ഥാനത്തെത്തിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.