തിരുവനന്തപുരം: ബുറെവിയുടെ ആശങ്കയൊഴിഞ്ഞുവെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
ബുറെവി ചുഴലിക്കാറ്റ് (Burevi Cyclone) ഭീഷണി അകന്നെങ്കിലും കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
അതേസമയം, തമിഴ് നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കടലൂര്‍ പുതുച്ചേരി തീരത്തും മഴ ശക്തമായി.
കനത്ത മഴയില്‍ തമിഴ്നാട്ടില്‍ നാല് പേര് മരിച്ചു. കടലൂരില്‍ 35 വയസുള്ള സ്ത്രീയും 10 വയസുള്ള മകളും മരിച്ചു. കനക്ക മഴയിലും കാറ്റിലും വീട് തകര്‍ന്ന് വീണാണ് മരണം. ചെന്നൈയിലാണ് മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവാണ് മരിച്ചത്.
Also read: Burevi Cyclone: ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു, റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു
തമിഴ് നാട്ടില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.