ചെന്നൈ: തീയേറ്ററില്‍ ദേശീയ ഗാനത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. ചെന്നൈ 28-2 എന്ന സിനിമ പ്രദർശിക്കവേ ചെന്നൈ അശോക് നഗറിലെ കാശി തിയറ്ററില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തിയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് 20 പേരടങ്ങുന്ന സംഘം രണ്ട് വിദ്യാര്‍ത്ഥിനികളടക്കം മൂന്ന് പേരെ ക്രൂരമായി മര്‍ദ്ദിച്ചു.
ദേശീയ ഗാനം പാടിയപ്പോള്‍ ഒമ്പത് പേരാണ് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നത്. ദേശീയഗാനത്തിന് എഴുന്നേറ്റു നിൽക്കാത്തതിന്റെ കാരണം ചോദിച്ച് സംഘം ഇവരെ സമീപിക്കുകയായിരുന്നു. തിയറ്റർ അതിനുള്ള സ്ഥലമല്ലെന്നും എഴുന്നേറ്റു നിൽക്കണമെന്ന് നിർബന്ധമില്ലാത്തതിനാലാണ് തങ്ങൾ എഴുന്നേറ്റ് നിൽക്കാത്തതെന്ന് യുവതീയുവാക്കൾ പറഞ്ഞു.
മാനേജര്‍ എത്തി ഇവരോട് തീയേറ്റര്‍ വിട്ട് പോവാന്‍ ആവശ്യപ്പെട്ടെങ്കിലും സിനിമ കണ്ടിട്ടേ പുറത്തേക്ക് പോവുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് പ്രകോപിതരായ സംഘം ഇവരെ മര്‍ദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തീയേറ്റര്‍ മാനേജര്‍ ഇടപെട്ടാണ് പിന്നീട് സ്ഥിതി ശാന്തമാക്കിയത്. വിജി എന്ന യുവാവും, ശബരീത, ശ്രീത എന്നീ വിദ്യാര്‍ത്ഥിനികളുമാണ് സംഘത്തിന്‍റെ മര്‍ദ്ദനത്തിനിരയായത്.
നേരത്തെ രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിർബന്ധമായി കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.