ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്.
ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി മാത്രമാണ് നടത്തുന്നതെന്ന് തിരുവനന്തപുരംഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രന് അറിയിച്ചു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏപ്രില്‍ 14 വരെ സ്റ്റേഷനുകളിലെ ടിക്കറ്റ് ബുക്കിംഗ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. ഈ ട്രെയിനുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്യുകയും ചെയ്തിരുന്നു.
IRCTC online, IRCTC app എന്നിവയില്‍ ഏപ്രില്‍ 15 മുതലുള്ള ബുക്കിംഗ് ഓണ്‍ലൈനായി ലഭ്യമായിരുന്നു. അതിനാല്‍, ബുക്കിംഗുകള്‍ ഇപ്പോഴാണ് ആരംഭിച്ചത് എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. -രാജേഷ് ചന്ദ്രന് പറഞ്ഞു.
ലോക്ക് ഡൌണ്‍ നീട്ടില്ലെന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ പുനരാരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോക്ക് ഡൌണ്‍ നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സൂചന ലഭിച്ചതിനാലാണ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിരുന്നു. ഇന്‍ഡിഗോ, ഗോ എയര്‍, സ്പൈസ് ജറ്റ് എന്നീ വിമാനക്കമ്പനികളാണ് അഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചത്. എന്നാല്‍, ഇതേ കുറിച്ച് വിമാനക്കമ്പനികള്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.