സ്വത്തു സമ്പാദിച്ചു കൂട്ടിയത് ഒരു വലിയ തലവേദനയായി മാറിയിരിക്കുയാണ് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുവിനിപ്പോള്. ഇപ്പോഴിതാ ലാലുവിന്റെ മകളുടെ ഡല്‍ഹിയിലെ ഫാംഹൗസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് കണ്ടുകെട്ടിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മിസയും ഭര്‍ത്താവും നല്കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. മിസ ഭാരതിയുടെ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ബന്ധമുണ്ടെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
8,000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മിസ ഭാരതിക്കെതിരെയും ഭര്‍ത്താവ് ശൈലൈന്ദ്ര കുമാറിനെതിരെയും നേരത്തെ സിബിഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആദ്യവാരം ലാലുപ്രസാദ് യാദവിന്റെ മകളുടെ ഫാംഹൗസുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ലാലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സി.ബി.ഐ. റെയ്ഡു നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാലു, ഭാര്യ റാബ്രി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരുടെ വസതികളിലാണ് സി.ബി.ഐ. മുന്‍പ് പരിശോധന നടത്തിയത്.
അതേസമയം ബിജെപിയ്കെതിരെ പറ്റ്നയില്‍ നടത്തിയ കൂറ്റന്‍ റാലിയ്കെതിരെ ലാലുവിന് ആദായനികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. പാറ്റ്നയില്‍ കഴിഞ്ഞയാഴ്ച നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
സി.ബി.ഐ.യുടെ പരിശോധനയ്ക്കുപിന്നില്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും രാഷ്ട്രീയവൈരാഗ്യവും ഗൂഢാലോചനയുമാണെന്ന് ലാലു പ്രതികരിച്ചിരുന്നു.