ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രത്നവ്യാപാരി നീരവ് മോദി മുങ്ങിയ കേസില്‍ കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍.
രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ട്. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലോക്സഭയില്‍ വെറും 44 സീറ്റായി ചുരുങ്ങിയ കോണ്‍ഗ്രസാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പല ചോദ്യങ്ങള്‍ക്കും കോണ്‍ഗ്രസ് ഉത്തരം പറയണമെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
വായ്പാ തട്ടിപ്പ് പുറത്തുവന്ന ഉടനെ തന്നെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസിന്‍റെ പ്രവര്‍ത്തനം 2013ല്‍ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, 2013 സെപ്തംബര്‍ 13ന് രാഹുല്‍ ഗാന്ധി നീരവ് മോദിയുടെ ജ്വല്ലറി ഗ്രൂപ്പിന്‍റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.
ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന് ഒത്താശ ചെയ്ത് കൊടുത്തത് കോണ്‍ഗ്രസാണ്. അവര്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയതും കോണ്‍ഗ്രസാണ്. എന്നിട്ട്, തട്ടിപ്പിന്‍റെ ഉത്തരവാദിത്തം ബി.ജെ.പിയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ തുറന്നടിച്ചു.