മുംബൈ: കാള ചാണകമിടുന്നതിനായി ഏട്ട് ദിവസം കാത്തിരുന്ന ഒരു കുടുബമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. ഒരു കാള ചാണകമിടുന്നതിനു ഉടമസ്ഥന്‍ എന്തിനാണ് കാത്തിരിക്കുന്നത് എന്നാണോ?
അതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്.
മഹാരാഷ്ട്രയിലെ പ്രശസ്തമായ 'പോള' എന്ന ആഘോഷത്തിനിടെ അനുഗ്രഹത്തിനായി പൂജത്തട്ടില്‍ വെച്ച മാല ചപ്പാത്തിക്കൊപ്പം കാള അകത്താക്കിയിരുന്നു.
ഇത് കിട്ടാനായാണ് ഉടമസ്ഥനും കുടുംബവു൦ കാള ചാണകമിടുന്നതും കാത്തിരുന്നത്. അഹ്മദ് നഗറിലെ റെയ്റ്റി വാഗ്പുര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് മാല വിഴുങ്ങിയത്.
ഏകദേശം ഒന്നര ലക്ഷം രൂപ വരുന്ന നാല് പവന്‍റെ മാലയാണ് കാള വിഴുങ്ങിയത്.
മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്ന പോള മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് നടത്തപ്പെടുന്നത്.
കാളകളെ അണിയിച്ചൊരുക്കി ആരതി ഉഴിഞ്ഞ് സ്വീകരിച്ച് അനുഗ്രഹം തേടുന്നതാണ് പോള ചടങ്ങ്. ഈ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലെ സ്ത്രീകള്‍ താലിമാല കാളയുടെ നെറുകയില്‍ വെച്ച് അനുഗ്രഹം വാങ്ങാറുണ്ട്.
അങ്ങനെ അനുഗ്രഹം വാങ്ങിയ ശേഷം, ചടങ്ങിനായി തയാറാക്കിയ മധുര ചപ്പാത്തികളുടെ താളത്തിലേക്ക് ബാബുറാവിന്‍റെ ഭാര്യ താലിമാല ഇടുകയായിരുന്നു.
കൃത്യമായി ആ സമയത്ത് ഗ്രാമത്തില്‍ കറന്‍റ് പോകുകയും മെഴുകുതിരി എടുക്കാനായി അവര്‍ അകത്തേക്ക് പോകുകയും ചെയ്തു.
മെഴുകുതിരി എടുത്ത് തിരികെ വന്നപ്പോഴേക്കും കാള ചപ്പാത്തി മുഴുവന്‍ അകത്താക്കിയിരുന്നു. അതിനൊപ്പം മാലയും.
തുടര്‍ന്ന്, കാളയുടെ വായില്‍ കൈയിട്ട് മാല എടുക്കാനായിരുന്നു വീട്ടുകാരുടെ ആദ്യ ശ്രമം. അത് പരാജയപ്പെട്ടതോടെ കാളയുടെ ചാണകത്തില്‍ തിരഞ്ഞ് എട്ട് ദിവസമാണ് ഈ കുടുംബം കാത്തിരുന്നത്.
എന്നിട്ടും ഫലം ഉണ്ടാകാതെ വന്നതോടെ കാളയെ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി താലിമാല പുറത്തെടുക്കുകയായിരുന്നു.