എഴുത്തുകാരിയെ തേടിയെത്തിയ കൊലയാളികളും,ഡിറ്റക്ടീവ് നോവലിന്റെ രസതന്ത്രവും: അഭിമുഖം-ശ്രീ പാർവ്വതി

എഴുത്തിൻറെ വഴികളെ പറഞ്ഞ് തരുന്നു ശ്രീ പാർവ്വതി സീ മലയാളം ന്യൂസിനോട്

Written by - M.Arun | Last Updated : Feb 13, 2024, 05:18 PM IST
  • ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യാൻ കഴിവ് പുരുഷൻമാർക്ക് മാത്രമാണെന്ന പൊതു ബോധം പലപ്പോഴും സമൂഹത്തിനെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്
  • ഇപ്പോൾ എത്ര മികച്ച സ്ത്രീ സാന്നിധ്യങ്ങൾ പോലീസിലും കുറ്റാന്വേഷണ മേഖലയിലുമുണ്ട്.
  • എഴുത്തിന് പ്രത്യേകമായൊരു പക്ഷമില്ല. അത് പെണ്ണെഴുത്തെന്നോ പുരുഷ എഴുത്തെന്നോ ലേബൽ ചെയ്യപ്പേടേണ്ടുന്നതുമില്ല
എഴുത്തുകാരിയെ തേടിയെത്തിയ കൊലയാളികളും,ഡിറ്റക്ടീവ് നോവലിന്റെ രസതന്ത്രവും: അഭിമുഖം-ശ്രീ പാർവ്വതി

"ലോകം ബഹുമാനിക്കുന്ന അപസർപ്പകാ എന്നെ വെറുതെ വിടുക, എനിക്കെന്ത് സംഭവിച്ചാലും നിങ്ങളത് കണ്ടെത്താൻ പോകുന്നില്ല. എന്നെനിക്കുറപ്പുണ്ട്. എന്നെ അന്വേഷിക്കരുത്. എൻറെ ജീവിതത്തിൻറെ നിഗൂഢത തിരഞ്ഞ് അലയരുത്. ഇതു നിങ്ങൾക്കായി കുറിക്കുന്ന എൻറെ അവസാന വാക്കാണ്"

ആ തണുത്ത വെള്ളിയാഴ്ച ഇംഗ്ലണ്ടിൽ ബെർക്ഷയറിലെ ആ വീട്ടിൽ നിന്നിറങ്ങും മുൻപ് അഗതാ ക്രിസ്റ്റി അങ്ങിനെ കുറിച്ചു. തേടിയെത്താൻ അഗതയുടെ സ്വന്തം ഹെർക്യൂൾ പൊയ്റോട്ടിനുമായില്ല. പക്ഷെ വർഷങ്ങൾക്കിപ്പുറം അഗതയുടെ അതേ പ്രായത്തിൽ ശ്രീ പാർവ്വതി ഇറങ്ങി തിരിച്ചിരുന്നു പൊടിപിടിച്ച പഴയ കഥകൾ തേടി.

അങ്ങിനെ ഒരിക്കലും തുടക്കവും ഒടുക്കവും നിശ്ചയിക്കാത്ത എഴുത്തിൻറെ വഴിയും, ബുദ്ധിക്കും ചിന്തക്കും ഇടയിലുള്ള യുദ്ധങ്ങളും. ഒടുവിൽ അത് എഴുത്തുകാരനിൽ നിന്ന് അത് എഴുത്തുകാരിയിലേക്ക് തന്നെ എത്തിച്ച കഥയും സീ മലയാളം ന്യൂസിനോട് പങ്കുവെക്കുകയാണ് പുതിയ തലമുറയിലെ എഴുത്തുകാരി ശ്രീ പാർവ്വതി.

 
1. ത്രില്ലർ എഴുത്തിലെ സ്ത്രീ സാന്നിധ്യവും ശ്രീ പാർവ്വതിയുടെ മാത്രം വ്യത്യസ്തയും?

ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യാൻ കഴിവ് പുരുഷൻമാർക്ക് മാത്രമാണെന്ന പൊതു ബോധം പലപ്പോഴും സമൂഹത്തിനെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്. അതിൽ നിന്നൊരു മാറ്റം തന്നെയാണ് ഉദ്ദേശിക്കുന്നത്. അത് ത്രില്ലർ എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല എഴുത്തിലെ കഥാപാത്രം കുറ്റാന്വേഷകനിൽ നിന്നും കുറ്റാന്വേഷകയിലേക്ക് മാറിയിട്ടുണ്ട്. പുതിയ തലമുറയിലെ ലാജോ ജോസിനെ പോലെയുള്ളവരാണ് അതിന് തുടക്കമിട്ടത്. ഇപ്പോൾ എത്ര മികച്ച സ്ത്രീ സാന്നിധ്യങ്ങൾ പോലീസിലും കുറ്റാന്വേഷണ മേഖലയിലുമുണ്ട്.

 

2. ഒരു ഡിറ്റക്ടീവ് നോവലെഴുതുക എത്ര റിസ്ക്കുള്ള കാര്യമാണ്?

വലിയ ചോദ്യമാണത്. ഇത്തരം നോവലുകൾക്ക് റിസ്ക് കൂടുതലുണ്ടെന്നാണ് എൻറെ കാഴ്ച്ചപ്പാട്. ഇവിടെ നമ്മുക്ക് വായനക്കാരനെ തൃപ്തിപ്പെടുത്തണം, നമ്മളെ തൃപ്തിപ്പെടുത്തണം. വായനക്കാരൻറെ ചിന്തക്കപ്പുറത്ത് എഴുത്തുകാരൻറെ/ എഴുത്തുകാരിയുടെ ചിന്ത എത്തി നിൽക്കണം. ത്രിലിങ്ങ് എലമെൻറിനെ തേടി അലയേണ്ടി വരും. കേസിൽ പുലർത്തേണ്ടുന്ന സത്യ സന്ധതയുണ്ട്. നടപടിക്രമങ്ങളുടെ സാങ്കേതികത്വം  പഠിക്കണം. അതിന് വേണ്ടുന്ന ഹോം വർക്ക് വളരെ പ്രധാനമാണ്. നമ്മുടെ ചിന്തക്കും ബുദ്ധിക്കും മുകളിൽ ആലോചിക്കുന്ന വായനക്കാരുള്ളിടത്തേക്കാണ്  നോവലെത്തുന്നതെന്ന് മനസ്സിലാക്കണം.

sree parvathy writer

 

3. എഴുത്തിൻറെ ഭാവനയും അതിൻറെ ദൃശ്യാവിഷ്കാരങ്ങളും

എൻറെ തന്നെ നോവലായ വയലറ്റ് പൂക്കളുടെ മരണത്തിൽ പച്ച മാസം ഭക്ഷിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് വളരെ പച്ചയായി തന്നെ നോവലിൽ അവതരിപ്പിക്കാനായേക്കും എന്നാൽ സിനിമയിലേക്കോ മറ്റോ അങ്ങിനെയൊരു ഭാഗം വന്നാൽ ചിലപ്പോൾ പ്രേക്ഷകന് അത് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല. അവിടെ നമ്മുക്ക് അൽപ്പം പരിമിതിയുണ്ട്.

4. എത്ര സമയം എടുക്കും ഒരു ഡിറ്റക്ടീവ് ഒരു നോവൽ പൂർത്തിയാകാൻ?

വളരെ വേഗത്തിൽ എഴുതുന്നയാളാണ് ഞാൻ. പോയട്രി കില്ലറിൻറെ ആദ്യത്തെ ഡ്രാഫ്റ്റ് ഏഴ് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ആദ്യം തയ്യറാക്കുന്ന ഡ്രാഫ്റ്റിൽ നിന്നും പിന്നെയും രണ്ടാമത് മാറ്റം വരും ആദ്യത്തെ ഡ്രാഫ്റ്റിലെ പൂരിപ്പിക്കാതെ പോയ ഭാഗങ്ങൾ പിന്നെയും എഴുതും. അതിന് കണക്ക് തന്നെയില്ല.

5. എഴുത്തിൻറെ വഴിയിലേക്ക് സ്വാധീനിച്ചത്?

ഒരുപാട് ഡിറ്റക്ടീവ് നോവലിസ്റ്റുകളുടെ കൃതികളൊക്കെയും ഇഷ്ടമാണ്. പക്ഷെ അവയൊന്നും എൻറെ എഴുത്തിനെ സ്വാധീനിച്ചില്ല. ലാജോയുടെ എഴുത്തുകളാണ് പിന്നെയും എഴുത്തിനുണ്ടായ ചെറിയ സ്പാർക്ക്. പെൺകുട്ടികൾ ലൈറ്റ് റീഡിങ്ങ് ഇഷ്ടപ്പെടുന്നവരാണെന്നാണ് പൊതു കാഴ്ചപ്പാട് . അതിൽ നിന്നൊരു വ്യത്യസ്തത വേണമെന്ന് തന്നെയാണ് ത്രില്ലറിനെ കുറിച്ച് ചിന്തിച്ചപ്പോൾ വിചാരിച്ചത്. അങ്ങിനെയാണ്  എൻറെ ആദ്യ ത്രില്ലർ നോവൽ മിസ്റ്റിക് മൌണ്ടൻ ഉണ്ടാവുന്നത്.

6. കാണാതായ അഗതാ ക്രിസ്റ്റിയും, നായിക അഗതാ ക്രിസ്റ്റിയും

അഗതാ ക്രിസ്റ്റിയെ കാണാതായ ആ കാലഘട്ടം നോക്കിയാൽ അവർക്ക് എൻറെ പ്രായമായിരുന്നു അന്ന്. അതെന്നെ മറ്റൊരു തലത്തിൽ സ്വീധിനിച്ചിട്ടുണ്ട്. നായിക അഗതാ ക്രിസ്റ്റിയിലേക്ക് വന്നതിന് പിന്നിലും അങ്ങിനെയൊരു കാരണമുണ്ട്. അഗതാ നീഗൂഢ സ്ത്രീയാണെന്ന് പറയുമ്പോഴും അവരൊരു തുറന്ന പുസ്തകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

7. അഗതാ ക്രിസ്റ്റി ഹെർക്യുൾ പൊയ്റോട്ടിനെ സൃഷ്ടിച്ച പോലെ ശ്രീ പാർവ്വതിക്ക് മാത്രമായി ഒരു കഥാപാത്രമുണ്ടോ?

അങ്ങിനെയൊന്ന് ഇപ്പോ മനസ്സിലില്ല, എന്നാൽ പോയട്രി കില്ലറിൻറെ രണ്ടാം ഭാഗം  തയ്യാറാക്കുന്നുണ്ട്. ഡെറിക് ജോൺ ഐ.പി.എസ് വീണ്ടും എത്തുകയണ് ചിലപ്പോൾ അതൊരു തുടക്കമാകാം. എൻറെ കഥാപാത്രങ്ങളുടെയെല്ലാം ലോകം നമ്മളൊക്കെയും കണ്ട് വളർന്ന് സാധാരണ സമൂഹം മാത്രമാണ്. അത് എല്ലാ ഘട്ടത്തിലും പുലർത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്.

parvathy2

8. സിനിമയോ? പുതിയ വർക്കുകളോ പദ്ധതിയിടുന്നുണ്ടോ?

ഒരു ചിത്രത്തിൻറെ സ്ക്രിപ്റ്റ് കഴിഞ്ഞിട്ടുണ്ട്. അത് പക്ഷെ ത്രില്ലർ അല്ല ഒരു കോമഡി ചിത്രമാണ്. വയലറ്റ് പൂക്കളുടെ മരണം താമസിക്കാതെ സിനിമയാകും അതിൻറെ സ്ക്രിപ്റ്റ് ജോലികൾ ഏതാണ്ട് പൂർത്തിയായിവരുന്നു.

9. എഴുത്തും കുടുംബവും?

ആ ചോദ്യത്തിൻറെ തന്നെ ആവശ്യമില്ലെന്ന് തോന്നുന്നു. ഭർത്താവിൻറെ സപ്പോർട്ട് മുഴുവനുമുണ്ട്. അദ്ദേഹം വായന കുറവാണെങ്കിലും ഭൗതിക തലത്തിലെ ചില ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം തരാറുണ്ട്. അവരുടെ സപ്പോർട്ടില്ലാതെ നമ്മുക്ക് ഇതൊക്കെയും മുന്നോട്ട് കൊണ്ട് പോകാനാവില്ല.

എല്ലാവരോടുമായി

എഴുത്തിന് പ്രത്യേകമായൊരു പക്ഷമില്ല. അത് പെണ്ണെഴുത്തെന്നോ പുരുഷ എഴുത്തെന്നോ ലേബൽ ചെയ്യപ്പേടേണ്ടുന്നതുമില്ല. എഴുത്തും എഴുത്തുകാരൻറെ വഴിയും മാത്രമാണ് ഒരു കൃതിയെ നിശ്ചയിക്കുന്നത്.-അത് വീണ്ടും ആവർത്തിക്കുകയാണ് ശ്രീപാർവ്വതി ഇവിടെ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News