ശരീരത്തിൽ കൊളസ്ട്രോൾ അമിതമായാൽ അത് ആപത്താണ്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെ ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻസാധിക്കും.
ഉലുവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കറികളിലോ മറ്റോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കാം.
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് നല്ലൊരു ഓപ്ഷനാണ്. കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കന്റെ മികച്ച ഉറവിടമാണ് ഓട്സ്.
ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ഈ പോഷകങ്ങളെല്ലാം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ബദാം, വാൽനട്ട്, പിസ്ത എന്നിവയാണ് എൽഡിഎൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല നട്‌സുകൾ.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള അല്ലിസിൻ എന്ന സംയുക്തം അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് വെളുത്തുള്ളി. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദൈനംദിന ഭക്ഷണക്രമത്തിൽ ചേർക്കേണ്ട ഒന്നാണ് ഗ്രീൻ ടീ. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് ഇത്.
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുനന്താണ് പഴങ്ങൾ. പഴങ്ങൾ നാരുകളുടെയും വിറ്റാമിനുകളുടെയും നല്ല സ്രോതസ്സാണ്, ഇത് കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കും. ആപ്പിൾ, വാഴപ്പഴം, സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലത്.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ഡാർക്ക് ചോക്ലേറ്റുകൾ ഗുണം ചെയ്യും. അവയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് പോഷകങ്ങളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.