യുവാക്കൾക്കിടയിലെ ഹൃദയാഘാതം; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ!
ഏതാനും വർഷങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമം ചെയ്യാനുള്ള വിമുഖതയുമെല്ലാമാണ് പലപ്പോഴും യുവാക്കൾക്കിടയിൽ വില്ലനാവുന്നത്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ ചികിത്സ തേടുന്നത് വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കും. ആഴ്ചകൾക്ക് മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണപ്പെടാറുണ്ട്. എന്നാൽ മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്.
യുവാക്കൾക്കിടയിൽ ആദ്യകാലങ്ങളിൽ കാണുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാം.
നെഞ്ചിൽ ഭാരം പോലെയുള്ള തോന്നലോ വലിഞ്ഞുമുറുകലോ മറ്റോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
ക്ഷീണവും വിയർക്കലും മനംപിരട്ടലും ദഹനക്കേടുമെല്ലാം അനുഭവപ്പെട്ടേക്കാം. ഇത് അസിഡിറ്റി പ്രശ്നമാണെന്ന് തെറ്റിദ്ധരിക്കാതെ ചികിത്സ തേടുക.
കഴുത്തിലോ ചുമലുകളിലോ താടിയെല്ലുകളുടെ ഭാഗത്തോ വേദനയുണ്ടാകുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. സ്ത്രീകളിലാണ് ഈ ലക്ഷണങ്ങൾ സാധാരണയായി കണ്ട് വരുന്നത്.
ശ്വാസമുട്ടലും അസാധാരണമായ വിയർക്കലുമാണ് മറ്റ് ലക്ഷണങ്ങൾ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.