വളരെ രുചികരമായ ഭക്ഷണം എന്നതിലുപരി പോഷകങ്ങളാൽ സമ്പുഷ്ടമാണ് പിസ്ത. ഡയറ്റിൽ പിസ്ത ഉൾപ്പെടുത്തന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. "നല്ല" കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പിസ്ത പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
പിസ്ത ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കലോറിയിൽ ഉയർന്നതാണെങ്കിലും, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് നിയന്ത്രിക്കാനും ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ദഹന ആരോഗ്യത്തിനുള്ള ഡയറ്ററി ഫൈബർ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിലെ ഉയർന്ന ഫൈബർ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പിസ്ത പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വർദ്ധനവ് കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം കുറയ്ക്കാനും സഹായിക്കും.
പിസ്തയിൽ വിറ്റാമിൻ ബി 6 ഉയർന്ന അളവിലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും നാഡീ പ്രവർത്തനത്തിനും പ്രധാനമാണ്. കൂടാതെ, പിസ്തയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
പിസ്തയിലുള്ള ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ സംയുക്തങ്ങൾ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.