രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന രോഗമാണ് വിളർച്ച. പ്രായഭേദമന്യേ ഈ രോഗാവസ്ഥ എല്ലാവരിലുമുണ്ടാകുന്നു. വിളർച്ചയുള്ളവരിൽ 50 ശതമാനത്തിലേറെയും ഇരുമ്പിന്റെ അഭാവംകൊണ്ടുള്ളതാണ്.
ഉദരരക്തസ്രാവം മൂലമുള്ള രക്തനഷ്ടം കൂടാതെ അനാരോഗ്യകരമായ ഭക്ഷണരീതിയും ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയുണ്ടാക്കാം. വിളർച്ച തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.
ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഇരുമ്പിൻ്റെ ആഗിരണം വർധിക്കാൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വിളർച്ച തടയാൻ ചീര ഡയറ്റിൽ ഉൾപ്പെടുത്തുക.
റെഡ് മീറ്റുകളായ ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയവയിൽ ഹെമേ അയൺ ധാരാളമടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലേക്ക് വേഗം ആഗിരണം ചെയ്ത് വിളർച്ച തടയാൻ സഹായിക്കുന്നു.
പയർ വർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർധനവിന് ഇവ ഏറ്റവും അനുയോജ്യമാണ്.
സാൽമൺ, ചൂര, മത്തി എന്നിവയിൽ ധാരാളം ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്സ് എന്നിവയടങ്ങിയിരിക്കുന്നു. സ്ഥിരമായി ഈ മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താനും വിളർച്ച തടയാനും സഹായിക്കുന്നു.
മുട്ടകളിൽ ധാരാളമായി ഇരുമ്പും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൻ്റെ ക്ഷീണമകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു. മുട്ട ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. വിളർച്ച തടയാൻ ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക