തിരുവനന്തപുരം: ആർഎസ്എസ് പ്രവര്ത്തകന് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്നു പോലീസ് അറിയിച്ചു.
മംഗലാപുരം സ്വദേശിയായ ഭായി എന്ന രതീഷിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. പെലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. കരിമ്പുകോണം സ്വദേശി സിബിയാണ് അവസാനം അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. 11 പേരാണ് അറസ്റ്റിലായത്.
കേസില്‍ പിടിയിലായ ഒന്നാംപ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം പൂര്‍ണമായും തള്ളിക്കളയുന്നതാണ് പൊലീസ് എഫ്ഐആര്‍. പോലീസ് എഫ്ഐആറില്‍ ഡിവൈഎഫ്ഐ- ബിജെപി സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചതെന്ന് വ്യക്തമാക്കുന്നുന്നുണ്ട്.
പാനച്ചക്കുന്ന് കോളനിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആര്‍എസ്എസ് കാര്യവാഹകായ രാജേഷ് ഈ സംഘര്‍ഷത്തില്‍ ബിജെപിയെ സഹായിച്ചു. ഈ വൈരാഗ്യമാണ് രാജേഷിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും വെട്ടിക്കൊലയിലേയ്ക്ക് നയിക്കുകയും ചെയ്തത്.
ശ്രീകാര്യം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറനുസരിച്ച് ഒന്നാംപ്രതി മണിക്കുട്ടനടക്കം ആറുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നും അഞ്ചു പേര് സഹായിച്ചെന്നും വ്യക്തമാക്കുന്നു. കൊലപാതകം അടക്കം പതിനൊന്ന് വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിലും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.