പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യൽ: മാര്‍ഗനിര്‍ദേശം പുറത്തിറക്കിയെന്ന് തദ്ദേശമന്ത്രി

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Written by - Zee Malayalam News Desk | Last Updated : May 6, 2022, 06:48 PM IST
  • മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
  • കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല
  • അഞ്ച് വർഷം കൊണ്ട് 75 പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം
പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യൽ: മാര്‍ഗനിര്‍ദേശം പുറത്തിറക്കിയെന്ന് തദ്ദേശമന്ത്രി

തിരുവനന്തപുരം: പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
 
സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്നും മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍, തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തേടണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ ഇക്കാര്യം ശ്രദ്ധിക്കണം. ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്ഥിതി വിലയിരുത്തി കാര്യങ്ങളിൽ ഇടപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് വർഷം കൊണ്ട് 75 പദ്ധതികൾ  നടപ്പാക്കുകയാണ് ലക്ഷ്യം. 25 പ്രധാന പദ്ധതികൾ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. സർക്കാർ വാർഷികത്തോടനു ബന്ധിച്ച് നൂറ് ദിന കർമ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തിൽ 60606 കുടുംബങ്ങൾ അതി ദാരിദ്ര്യ പട്ടികയിലുണ്ട്. അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും. 

അതേസമയം, കാസർകോട് ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ ലൈസൻസില്ലാത്ത കടകൾ നിർബന്ധമായി അടപ്പിക്കും. അത്തരക്കാരെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധനകൾ ഊർജിതമാക്കും. ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ നിരവധി പദ്ധതികൾ അടപ്പിച്ച കടകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

Trending News