തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ശുപാർശ തള്ളി സർക്കാർ. ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശയാണ് സംസ്ഥാന സർക്കാർ തള്ളിയത്. ജവാൻ റമ്മിന് 10 ശതമാനം വില വർധിപ്പിക്കണമെന്നായിരുന്നു ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലാണ് ബെവ്കോ ശുപാർശ നൽകിയത്.
ബെവ്കോയുടെെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അംഗീകരിച്ചിരുന്നു. എന്നാൽ, ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.
കേരളത്തിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്ന റം ആണ് ജവാൻ. തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്സ് റമ്മാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം 15,000 കെയ്സ് ആക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. ബെവ്കോ പ്രീമിയം റം ഉത്പാദിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ ഉത്പാദനം ആരംഭിച്ചിട്ടില്ല. ലിറ്ററിന് 600 രൂപയാണ് നിലവിൽ ജവാൻ റമ്മിൻറെ വില.
മദ്യവില കുതിച്ചുയരും; ജവാൻ റം തൊട്ടാൽ പൊള്ളുമോ? 20 ശതമാനം വിലവർദ്ധനയ്ക്കായി കമ്പനികൾ
തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാൻ കമ്പനികൾ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി. 20 ശതമാനം വരെ വർദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം. കേരള സർക്കാർ നിർമ്മിത മദ്യമായ ജവാന്റെ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പിന് കത്ത് നൽകി. സ്പിരിറ്റിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കുന്നതിന് കാരണമായി ജവാന്റെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ് ചൂണ്ടികാട്ടുന്നത്.
ഒരു ലിറ്റർ സ്പിരിറ്റിൻ്റെ വില 57 രൂപയിൽ നിന്ന് 67 ആയി വർദ്ധിച്ചതോടെ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്പനികൾ പറയുന്നു. വിലവർദ്ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ സർക്കാർ തലത്തിലും ആരംഭിച്ച് കഴിഞ്ഞു. ഇനിയും മദ്യത്തിന് വില കൂട്ടിയാൽ വ്യാജമദ്യം വ്യാപകമാകുന്നതിന് അത് കാരണമാകുമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.
വില വർദ്ധനവിന്റെ ഭാരം ഉപഭോക്താക്കളിൽ അടിച്ച് ഏൽപ്പിക്കാതെ വർദ്ധനക്ക് ആനുപാതികമായി നികുതി കുറച്ച് വില നിയന്ത്രിക്കണമന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കോവിഡ് കലത്ത് ഏർപ്പെടുത്തിയ 35 ശതമാനം നികുതി പിൻവലിച്ച് പത്ത് ശതമാനം വരെ വില വർദ്ധനവ് കമ്പനികൾക്ക് നാൽകാനുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ നികുതി കുറക്കാതെ പത്ത് ശതമാനം വില വർധിപ്പിച്ചാൽ ഒരു ലിറ്റർ ജവാൻ മദ്യത്തിന് 60 രൂപവരെ വില കൂടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...