തൃശൂർ: യാത്രക്കാരെ പിഴിഞ്ഞിട്ടും പിഴിഞ്ഞിട്ടും മതിവരാത്ത കൊള്ളയാണ് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ അരങ്ങേറുന്നത്. 2023 മേയ് വരെയുള്ള കണക്കുകൾ പ്രകാരം 1201.07 കോടി രൂപയാണ് പാലിയേക്കരയിൽ നിന്ന് ടോളായി യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തത്. കഴിഞ്ഞ രണ്ടേകാൽ വർഷം കൊണ്ട് കമ്പനി നേടിയത് 322 കോടി രൂപയും. നിർമ്മാണ ചെലവിന്റെ ഇരട്ടി ലഭിച്ചിട്ടും നിലക്കാത്ത ടോൾ കൊള്ളയിലൂടെ ജനങ്ങളെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചൂഷണനത്തിന് ഇരയാക്കുകയാണ്.
ഇടപ്പള്ളി മുതൽ മണ്ണൂത്തി വരെയുള്ള 62 കിലോ മീറ്റർ നാലുവരിപ്പാതയുടെ നിർമാണച്ചെലവ് 721 കോടി രൂപയായിരുന്നു. ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ വ്യവസ്ഥയിലായിരുന്നു നിർമ്മാണം. 2012 ഫെബ്രുവരി 9 മുതൽ ദേശീയപാത അതോറിറ്റി പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങി. ഇക്കാലയളവിൽ ആ മുടക്ക് മുതലിനെക്കാൾ 489 കോടി രൂപയാണ് കമ്പനി അധികം നേടിയത്. പ്രതിദിനം 44.58 ലക്ഷം രൂപയുടെ വരുമാനം കമ്പനിക്ക് ടോൾ ഇനത്തിൽ ലഭിക്കുന്നുണ്ട്. ഈ പിരിവ് 2028 ജൂൺ 21 വരെ തുടരുമ്പോൾ തന്നെ കമ്പനിയുടെ ലാഭം 2000 കോടി പിന്നിടും. ഇതിനു പുറമെ വർഷാവർഷം ടോൾ നിരക്ക് വർധിപ്പിക്കുന്നതിലൂടെയുള്ള അധിക വരുമാനവും കൂടിയാകുമ്പോൾ കരാർ കമ്പനിക്ക് പാലിയേക്കര ടോൾപ്ലാസ തീവെട്ടിക്കൊള്ളയ്ക്കുള്ള വേദിയായി മാറും.
ALSO READ: കാറിനടിയിൽ കിടന്ന ബാഗിൽ കഞ്ചാവ്; പോലീസ് ഉണ്ടെന്നറിഞ്ഞ് ഒളിപ്പിച്ചതെന്ന് സംശയം
ജനങ്ങളെ പിഴിയുന്ന കരാർ കമ്പനിയും മേൽനോട്ട ചുമതലയുള്ള ദേശീയപാത അതോറിറ്റിയും റോഡ് നിർമ്മാണത്തിലെ സുരക്ഷാ പാളിച്ചകൾ മറച്ചു വയ്ക്കുന്നുണ്ടെന്നത് കൊള്ളയുടെ മറുപുറമാണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിർമ്മാണത്തിലൂടെ 30 ലധികം ബ്ലാക്ക് സ്പോട്ടുകളാണ് അപകടവാഹികളായി നിലകൊള്ളുന്നത്.
കേരളത്തിലെ ആദ്യ ആറുവരി ദേശീയപാതയെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങാക്കി മാറ്റിയതിൽ ദേശീയപാത അതോറിറ്റിക്കുള്ള പങ്ക് ഒഴിവാക്കാനാകുന്നതല്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സത്വരമായ ഇടപെടലിലൂടെ മാത്രമേ ജനങ്ങളുടെ സുരക്ഷിത യാത്ര സാധ്യമാകുകയും കരാർ കമ്പനിയുടെ ചൂഷണം നിർത്തലാക്കാനുമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...