Parenting: മാറ്റത്തിന്റെ നാളുകൾ; കൗമാരക്കാരായ മക്കളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Teens health: മക്കൾ കൗമാരപ്രായത്തിലേക്ക് കടക്കുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വെല്ലുവിളിയാകുന്ന സമയമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 11:30 AM IST
  • നിങ്ങളുടെ കുട്ടിക്ക് പതിമൂന്ന് വയസ്സ് തികയുമ്പോൾ അവരുമായുള്ള നിങ്ങളുടെ ബന്ധം മാറുമെന്ന കാര്യം അംഗീകരിക്കുക
  • സാമൂഹികവും ശാരീരികവും വൈകാരികവും മാനസികവുമായ വളർച്ചയുള്ള കുട്ടിക്ക് കൗമാരപ്രായം ഒരു വലിയ പരിവർത്തനത്തിന്റെ കാലമാണ്
Parenting: മാറ്റത്തിന്റെ നാളുകൾ; കൗമാരക്കാരായ മക്കളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുട്ടികൾ കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമായിരിക്കുന്നതിന് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പരിവർത്തനം ഇരുപക്ഷത്തിനും എളുപ്പമല്ല. എന്നാൽ ഈ ബന്ധം സ്നേഹത്തോടെയും കരുതലോടെയും ബഹുമാനത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ നിരവധി മാർഗങ്ങളുണ്ട്. 

ചെയ്യേണ്ട കാര്യങ്ങൾ
1- നിങ്ങളുടെ കുട്ടിക്ക് പതിമൂന്ന് വയസ്സ് തികയുമ്പോൾ അവരുമായുള്ള നിങ്ങളുടെ ബന്ധം മാറുമെന്ന കാര്യം അംഗീകരിക്കുക. സാമൂഹികവും ശാരീരികവും വൈകാരികവും മാനസികവുമായ വളർച്ചയുള്ള കുട്ടിക്ക് കൗമാരപ്രായം ഒരു വലിയ പരിവർത്തനത്തിന്റെ കാലമാണ്. കൗമാരത്തിലേക്ക് കടക്കുമ്പോൾ കുട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും മാറും. അത് വ്യക്തിപരമായി എടുക്കരുതെന്നും അവരുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നും മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

2- നിങ്ങളുടെ കുട്ടി പറയുന്നത് ശ്രദ്ധിക്കാൻ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളുടെ കുട്ടിക്ക് വേണ്ടി നിങ്ങൾ സമയം കണ്ടെത്തുകയും അവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും വേണം. ഒരു നല്ല ശ്രോതാവായി അവർക്ക് സ്വയം വ്യക്തമായി പ്രകടിപ്പിക്കാൻ സമയം നൽകുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും വേണം.

3- നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ ബഹുമാനിക്കാൻ തയ്യാറാകണം. നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും വേണം. അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിയാനും അംഗീകരിക്കാനും ഉചിതമായ പ്രതികരണം തിരഞ്ഞെടുക്കാനും അവരെ സഹായിക്കുക.

4- ഒരു റോൾ മോഡൽ ആകുവാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടി മിക്കപ്പോഴും നിങ്ങളെയായിരിക്കും അനുകരിക്കാൻ ശ്രമിക്കുക. നിങ്ങൾ അവർക്ക് ആരോഗ്യകരമായ ഒരു മാതൃകയാകേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾ കുട്ടിയോട് ആക്രോശിക്കുന്നതിനേക്കാൾ ശാന്തമായും സൗമ്യമായും ഊഷ്മളമായും അവരോട് പറയുക.

5- ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കുക. വ്യക്തതയും ആരോഗ്യകരമായ ബന്ധങ്ങളും നിലനിർത്തുന്നതിന് അതിരുകൾ അത്യന്താപേക്ഷിതമാണ്. കുട്ടിയുമായി അതിരുകൾ നിശ്ചയിക്കുമ്പോൾ, തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ വ്യക്തത പുലർത്തുക. 
വിവിധ വിഷയങ്ങളിൽ സമവായത്തിലെത്താനും അനന്തരഫലങ്ങൾ ചർച്ച ചെയ്യാനും കുട്ടിയുമായി ചർച്ച നടത്താൻ ശ്രമിക്കുക.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
1- കുട്ടികൾക്ക് നേരെ എപ്പോഴും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും ചൊരിയാതിരിക്കുക. ഏതൊരു കാര്യത്തിനും കുട്ടിയെ കുറ്റപ്പെടുത്തുന്നതിനുപകരം, പ്രശ്നത്തെക്കുറിച്ച് ആശയവിനിമയം നടത്താൻ ശ്രമിക്കുക. പ്രശ്‌നത്തിന് കാരണം എന്താണെന്നും അത് എങ്ങനെ പരിഹരിക്കാമെന്നതും സംബന്ധിച്ച് കൂട്ടായ തീരുമാനമെടുക്കുക.

2- വൈരുധ്യങ്ങൾ അനിവാര്യമാണ്. കുട്ടികളുടെ അഭിപ്രായങ്ങൾ കേൾക്കാനും അവരെ ഉൾക്കൊള്ളാനും ശ്രമിക്കുക. ശരിയായ കാര്യങ്ങൾ തീരുമാനിക്കുന്നതിന് അവരെ പ്രാപ്തരാക്കാൻ സഹായിക്കുക.

3- അവരുടെ ജീവിതത്തിൽ അമിതമായി ഇടപെടലുകൾ നടത്തരുത്. ചില സമയങ്ങളിൽ, കുട്ടികളെ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതും നല്ലതാണ്. അവർക്ക് പുതിയ അനുഭവങ്ങൾ നേടാനുള്ള ഇടം നൽകുകയും അവരെ സ്വന്തമായി പഠിക്കാൻ അനുവദിക്കുകയും ചെയ്യുക. മനസ്സിലാക്കാനും ആത്മപരിശോധന നടത്താനും കുറച്ച് സമയം സ്വയം ചെലവഴിക്കാൻ അവരെ അനുവദിക്കുക.

4- നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടിയും വ്യത്യസ്ഥ സാഹചര്യങ്ങളിലും വ്യത്യസ്ത മാനസികാവസ്ഥകളിലും ജീവിക്കുന്നവരാണ്. എല്ലാ കുട്ടികളും ഒരേ രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യില്ല. കൂടാതെ, നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കുറയ്ക്കുന്നു. മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുന്നതിന് പകരം, അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക.

5- നിങ്ങളുടെ കുട്ടികളോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കുക. നിങ്ങൾക്ക് കുട്ടികളുടെ രീതികൾ എങ്ങനെ അനുഭവപ്പെടുന്നുവെന്നത് അവരെ ധരിപ്പിക്കുക. അവരുടെ ഭാ​ഗം കേൾക്കാനുള്ള സമയം കണ്ടെത്തുക. അവരുടെ വികാരങ്ങൾ നിയന്ത്രിക്കാനും സമചിത്തതയോടെ പെരുമാറാനും ഇത് കുട്ടിയെ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News